
തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ചേർന്ന സി.പി.എം. വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ പാർട്ടി തിരുത്തൽ നടപടികൾക്കും ശക്തിപ്പെടുത്തലിനുമായി നിർണായക തീരുമാനങ്ങൾ. ജനങ്ങളുമായുള്ള ബന്ധം കുറഞ്ഞുപോകുന്നുണ്ടെന്ന വിലയിരുത്തലിൽ ബ്രാഞ്ച്, ഏരിയ കമ്മിറ്റികൾ ദൈനംദിന പ്രശ്നങ്ങളിൽ സജീവമായി ഇടപെടാൻ യോഗം നിർദേശിച്ചു. അണികളിൽ പാർട്ടി വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും അടിയന്തര സംശയനിവാരണത്തിനുമായി പ്രത്യേക മൊബൈൽ ആപ്പ് തയ്യാറാക്കാനും യോഗത്തിൽ ധാരണയായി.
ക്ഷേത്രങ്ങളിലും മറ്റ് ആരാധനാലയങ്ങളിലും ആർ.എസ്.എസ്. സ്വാധീനം വർദ്ധിക്കുന്നത് തടയാൻ ഉത്സവങ്ങളും ആഘോഷങ്ങളും പൊതു ആചാരങ്ങളാക്കി മാറ്റി പാർട്ടി പ്രവർത്തകർ സജീവമായി ഇടപെടണമെന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കി. വിശ്വാസികളെല്ലാം വർഗീയവാദികളല്ലെന്നും എന്നാൽ വർഗീയവാദികളെ വിശ്വാസികളായി കാണാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, വലതുപക്ഷവൽക്കരണത്തെക്കുറിച്ച് ആഴത്തിലുള്ള പഠനം നടത്താനും സോഷ്യൽ മീഡിയ അടക്കമുള്ള നവമാധ്യമങ്ങളിൽ സാന്നിധ്യം ശക്തമാക്കാനും തീരുമാനമുണ്ട്.
അതേസമയം, യോഗത്തിൽ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾക്കെതിരെയും തനിക്കെതിരെയും രൂക്ഷവിമർശനം ഉയർന്നതായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുറന്നുസമ്മതിച്ചു. തിരുത്തലുകളിലൂടെ പാർട്ടി കൂടുതൽ ശക്തമാകുമെന്നും നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനത്തിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇ.ഡി. അടക്കമുള്ള കേന്ദ്ര ഏജൻസികളെ പ്രതിരോധിക്കാൻ ദേശീയതലത്തിൽ വിശാല സഖ്യം രൂപീകരിക്കണമെന്നും ചർച്ചയിൽ ആവശ്യമുയർന്നു.
CPM Initiates Course Correction: Key Decisions Taken at Extended State Committee Meeting












