
കൊച്ചി: ചെക്ക് കേസിൽ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലാ എം.എ.ൽ.എ മാണി സി. കാപ്പനെ ജനപ്രാതിനിധ്യ നിയമപ്രകാരം അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേരള ഹൈക്കോടതിയുടെ ഇടപെടൽ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ, മാണി സി. കാപ്പൻ എം.എൽ.എ എന്നിവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. വിഷയത്തിൽ നിയമസഭാ സ്പീക്കറും ചീഫ് സെക്രട്ടറിയും മറുപടി നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതിയാണ് ചെക്ക് കേസിൽ മാണി സി. കാപ്പനെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. നാല് കേസുകളിലായി ആകെ മൂന്നര വർഷത്തെ തടവ് ശിക്ഷയാണ് അദ്ദേഹത്തിനെതിരെയുള്ളത്. ശിക്ഷാ വിധി നിലനിൽക്കുന്നതിനാൽ ജനപ്രാതിനിധ്യ നിയമപ്രകാരം സെപ്റ്റംബർ 1 മുതൽ അദ്ദേഹം അയോഗ്യനാണെന്ന് പ്രഖ്യാപിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. കേസിലെ പരാതിക്കാരനായ പ്രവാസി വ്യവസായിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
നേരത്തെ ഈ വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് നിയമസഭാ സ്പീക്കർക്ക് കത്ത് നൽകിയിട്ടും അനുകൂലമായ തീരുമാനമുണ്ടാകാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്ന് ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. കൂടാതെ, ഹർജിയിൽ അന്തിമ തീർപ്പുണ്ടാകുന്നത് വരെ എം.എൽ.എ എന്ന നിലയിൽ മാണി സി. കാപ്പന് ലഭിക്കുന്ന ശമ്പളവും മറ്റ് ഔദ്യോഗിക ആനുകൂല്യങ്ങളും തടഞ്ഞു വെക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി കൂടുതൽ വാദത്തിനായി വരും ദിവസങ്ങളിൽ കോടതി വീണ്ടും പരിഗണിക്കും.
Petition seeking disqualification of Mani C. Kappan: High Court issues notice to Election Commission and MLA.














