
വാഷിംഗ്ടൺ: അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടണിൽ ട്രംപ് ഭരണകൂടത്തിലെ ഉയർന്ന ഉദ്യോഗസ്ഥരും റിപ്പബ്ലിക്കൻ ജനപ്രതിനിധികളും പങ്കെടുത്ത ഏകദിന പ്രാർത്ഥനാ സമ്മേളനത്തെ പൂർണ്ണമായി പിന്തുണച്ചും പ്രശംസിച്ചും പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രാജ്യത്ത് ക്രിസ്തുമതത്തോടുള്ള താല്പര്യം വീണ്ടെടുക്കുന്നതിനായുള്ള ശ്രമങ്ങളെ തന്റെ ഭരണകൂടത്തിന്റെ പ്രധാന മുൻഗണനകളുമായി നേരിട്ട് ബന്ധിപ്പിച്ചാണ് ട്രംപ് സംസാരിച്ചത്. “ക്രിസ്തുമതം നമ്മുടെ രാജ്യത്തിന് ഏറെ നല്ലൊരു കാര്യമാണ്. നമ്മൾ ഇതുവരെ നേടിയ വിജയങ്ങളെല്ലാം ക്രിസ്തുമതത്തിലും മതവിശ്വാസത്തിലും അധിഷ്ഠിതമായിട്ടുള്ളതാണ്. അതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു,” ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു.
അമേരിക്കയുടെ ഇരുനൂറ്റിഅൻപതാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ വാരാന്ത്യത്തിലാണ് ഈ വിപുലമായ പ്രാർത്ഥനാ യോഗം സംഘടിപ്പിച്ചത്. ഭരണകൂടത്തിലെ പ്രമുഖരും ജനപ്രതിനിധികളും ഔദ്യോഗികമായി തന്നെ ഈ മതപരമായ ചടങ്ങിൽ പങ്കെടുത്തത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഭരണകൂടവും മതവും തമ്മിലുള്ള അതിർവരമ്പുകൾ ട്രംപ് സർക്കാർ മനഃപൂർവ്വം ഇല്ലാതാക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷവും വിവിധ സാമൂഹിക സംഘടനകളും ഇതിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി.
എന്നാൽ ഈ വിമർശനങ്ങളെ പൂർണ്ണമായി തള്ളിയ ട്രംപ്, അതൊരു “മനോഹരമായ ദിവസമായിരുന്നു” എന്ന് വിശേഷിപ്പിച്ചു. രാജ്യത്ത് മതവിശ്വാസത്തിന് കൂടുതൽ ജനപ്രീതി കൈവന്നതിന്റെ ക്രെഡിറ്റ് അദ്ദേഹം സ്വന്തം ഭരണകൂടത്തിന് നൽകുകയും ചെയ്തു. “നിങ്ങൾ ഇന്നത്തെ പള്ളികളിലേക്ക് നോക്കൂ, അവയെല്ലാം വിശ്വാസികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. രണ്ട് മൂന്ന് വർഷം പുറകോട്ട് പോയാൽ ആരും തന്നെ പള്ളികളിൽ പോകാത്ത അവസ്ഥയായിരുന്നു. ഈ മാറ്റത്തിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്,” ട്രംപ് കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ക്രിസ്ത്യൻ വോട്ട് ബാങ്ക് കൂടുതൽ ഉറപ്പിച്ചു നിർത്താൻ ലക്ഷ്യമിട്ടാണ് ട്രംപിന്റെ ഈ പരസ്യമായ മതപരമായ നിലപാടുകളെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.















