‘ലുക്ക് അല്പം അൺഫ്രണ്ട്ലിയാണ്, പക്ഷെ ഞങ്ങൾ തമ്മിൽ മികച്ച സൗഹൃദത്തിലാണ്!’; കിമ്മിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ട്രംപിൻ്റെ തമാശ

വാഷിംഗ്ടൺ: കടുത്ത വാക്പോരുകൾക്കും ആണവയുദ്ധ ഭീഷണികൾക്കും വിരാമമിട്ട് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി താൻ ഇപ്പോഴും മികച്ച സൗഹൃദത്തിലാണെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യൽ എന്ന തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ കിം ജോങ് ഉന്നിനൊപ്പമുള്ള ഒരു പഴയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ട്രംപ് സൗഹൃദം അനുസ്മരിച്ചത്.

“ഈ ചിത്രത്തിൽ ഞങ്ങൾ രണ്ടുപേരും വളരെ ഗൗരവത്തിലാണ്. എന്നാൽ ഞങ്ങൾ ഇരുവരും ചിരിച്ചുനിൽക്കുന്ന നിരവധി ചിത്രങ്ങൾ വേറെയുമുണ്ട്. കിം ജോങ് ഉന്നും ഞാനും വളരെ മികച്ച സൗഹൃദത്തിലാണ്!” എന്ന് ട്രംപ് ചിത്രത്തോടൊപ്പം കുറിച്ചു. കഴിഞ്ഞ ജൂൺ 14-ന് ഇരുവരും ഒന്നിച്ച് നടക്കുന്ന ഒരു ചിത്രം യാതൊരു അടിക്കുറിപ്പുമില്ലാതെ ട്രംപ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പോസ്റ്റ്. 2018-ലെ ചരിത്രപ്രധാനമായ സിംഗപ്പൂർ ഉച്ചകോടിയുടെ സമയത്ത് എടുത്തതാണ് ഈ ചിത്രങ്ങൾ.

ട്രംപിൻ്റെ ആദ്യ പ്രസിഡൻ്റ് കാലാവധിയിൽ ഇരുവരും മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. അധികാരത്തിലിരിക്കുന്ന ഒരു യുഎസ് പ്രസിഡൻ്റും ഉത്തര കൊറിയൻ ഭരണാധികാരിയും തമ്മിൽ നടന്ന ചരിത്രത്തിലെ ആദ്യ കൂടിക്കാഴ്ചയായിരുന്നു 2018-ലേത്. എന്നാൽ, ആണവ നിരായുധീകരണത്തെക്കുറിച്ചും ഉപരോധങ്ങൾ നീക്കുന്നതിനെക്കുറിച്ചുമുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് 2019-ലെ ഹനോയി ഉച്ചകോടിയിൽ വെച്ച് ഈ ചർച്ചകൾ പരാജയപ്പെടുകയായിരുന്നു.

ഉത്തര കൊറിയയുമായി നേരിട്ടുള്ള ചർച്ചകൾ പുനരാരംഭിക്കാൻ താൻ ഇപ്പോഴും തയ്യാറാണെന്ന സൂചനയാണ് ട്രംപ് നൽകുന്നത്. കിം ജോങ് ഉന്നിനെ വീണ്ടും കാണാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഉത്തര കൊറിയയുടെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട് ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് ലീ ജെ മ്യൂങ് മുന്നോട്ടുവെച്ച ഘട്ടം ഘട്ടമായുള്ള ആണവ നിരായുധീകരണ നിർദ്ദേശങ്ങൾ പരിഗണിക്കാമെന്നും ട്രംപ് സമ്മതിച്ചിട്ടുണ്ട്.

എന്നാൽ, തങ്ങളുടെ ആണവശേഖരം ഉപേക്ഷിക്കില്ലെന്ന നിലപാടിൽ ഉത്തര കൊറിയ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. അമേരിക്കയും സഖ്യകക്ഷികളും സൈനികമായ ഏറ്റുമുട്ടലുകൾ വർദ്ധിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ ഉത്തര കൊറിയ, സ്വന്തം സൈനിക ശേഷിയിലൂടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ട്രംപിഉത്തര പുതിയ സന്ദേശം അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര പ്രാധാന്യത്തോടെയാണ് വിലയിരുത്തപ്പെടുന്നത്.

Trump jokes after sharing picture with Kim

More Stories from this section

family-dental
witywide