
ബീജിംഗ്: ഇറാൻ്റെ ആണവ-വ്യാപാര തർക്കങ്ങളിൽ ഒരു ശാശ്വത പരിഹാരം കാണാൻ ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ആഗ്രഹിക്കുന്നതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഈ വിഷയത്തിൽ അമേരിക്കയെ സഹായിക്കാൻ ചൈനയ്ക്ക് താല്പര്യമുണ്ടെന്ന് ഷി ജിൻപിങ് വ്യക്തമാക്കിയതായി ട്രംപ് വെളിപ്പെടുത്തി. ചൈന സന്ദർശനത്തിനിടെ അന്താരാഷ്ട്ര വാർത്താ മാധ്യമമായ ‘ഫോക്സ് ന്യൂസിന്’ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇറാൻ വിഷയത്തിൽ മധ്യസ്ഥതയ്ക്കോ ചർച്ചകൾക്കോ ചൈനയുടെ ഭാഗത്തുനിന്ന് പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് ഷി ജിൻപിങ് ഉറപ്പുനൽകിയതായി ട്രംപ് പറഞ്ഞു. ലോകത്തെ പ്രധാന വ്യാപാര പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലെ സുരക്ഷയും സമാധാനവും നിലനിർത്താൻ ചൈന ആഗ്രഹിക്കുന്നുണ്ട്. തർക്കങ്ങൾ കാരണം ഈ പാത അടഞ്ഞുപോകരുതെന്നാണ് ചൈനയുടെ നിലപാട്. അതേസമയം, ഇറാന് യാതൊരുവിധ സൈനിക ഉപകരണങ്ങളും ചൈന നൽകില്ലെന്ന് ഷി ജിൻപിങ് തനിക്ക് ഉറപ്പുനൽകിയതായും ട്രംപ് വ്യക്തമാക്കി. എന്നാൽ, ചൈനയുടെ ഊർജ്ജ ആവശ്യങ്ങൾക്കായി ഇറാനിൽ നിന്ന് വൻതോതിൽ എണ്ണ വാങ്ങുന്നുണ്ടെന്നും, അത് തുടർന്നും വാങ്ങാനാണ് ചൈനയുടെ തീരുമാനമെന്നും ഷി ജിൻപിങ് അറിയിച്ചതായി ട്രംപ് കൂട്ടിച്ചേർത്തു.
Trump says China is ready to help the US on the Iran issue, and has received assurances that it will not provide weapons to Iran















