
വാഷിംഗ്ടൺ: വാഷിംഗ്ടൺ ഡിസിയിലെ പൊതു ഗോൾഫ് കോഴ്സ് നവീകരിക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കോടതി ഉത്തരവുകൾ ലംഘിച്ചുകൊണ്ട് നിർമ്മാണം ഉടൻ തന്നെ ആരംഭിക്കുമെന്നും ഇതിനായി അനുമതിയുടെ ആവശ്യമില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. പദ്ധതിയനുസരിച്ച് നിർമ്മിക്കുന്ന പുതിയ കോഴ്സ് ലോകനിലവാരത്തിലുള്ളതായിരിക്കുമെന്നും ഡിസിക്ക് വലിയ പ്രശസ്തിയും വരുമാനവും ഇത് നേടിക്കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ പൊതു പാർക്ക് നവീകരിക്കുന്നതിനെതിരെ ചരിത്ര സ്മാരക സംരക്ഷകരും ഗോൾഫ് കളിക്കാരും നിയമപോരാട്ടത്തിലാണ്. നവീകരണ പ്രവർത്തനങ്ങൾക്ക് മൂന്ന് ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന് യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജി അന്ന സി. റേയസ് ഉത്തരവിട്ടിരുന്നു. മുൻകൂട്ടി അനുമതിയില്ലാതെ നൂറുകണക്കിന് മരങ്ങൾ വെട്ടിമാറ്റിയതിൽ ജഡ്ജി സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഒക്ടോബർ 26-ന് മുമ്പ് മരങ്ങൾ വെട്ടരുതെന്നും കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ജഡ്ജി സർക്കാരിനോട് പക്ഷപാതപരമായി പെരുമാറുന്നുവെന്നും അവരെ മാറ്റിസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് സർക്കാർ വെള്ളിയാഴ്ച ഹർജി നൽകിയെങ്കിലും ജഡ്ജി അത് തള്ളിക്കളഞ്ഞു.
20 മുതൽ 49 മില്യൺ ഡോളർ വരെ ചിലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയിലൂടെ പൊതു ഗോൾഫ് കോഴ്സ് ഒരു പ്രൊഫഷണൽ നിലവാരത്തിലേക്ക് മാറ്റാനാണ് ട്രംപ് ലക്ഷ്യമിടുന്നത്. എന്നാൽ ഇത് സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ഗോൾഫ് കളിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുമെന്ന ആശങ്കയിലാണ് ജനങ്ങളും പരിസ്ഥിതി പ്രവർത്തകരും. കേസിൽ കൂടുതൽ വാദം കേൾക്കൽ തിങ്കളാഴ്ച പിന്നീട് നടക്കാനിരിക്കെയാണ് ട്രംപിന്‍റെ പുതിയ പ്രഖ്യാപനം.














