
വാഷിംഗ്ടൺ: റഷ്യയ്‌ക്കെതിരായ പുതിയ ഉപരോധങ്ങൾ താൽക്കാലികമായി നിർത്തിവെക്കാനുള്ള യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ തീരുമാനത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഇടിഞ്ഞു. ആഗോള സൂചികയായ ബ്രെന്‍റ് ക്രൂഡ് ഓയിൽ വില 2.5 ശതമാനം ഇടിഞ്ഞ് ഒരു ബാരലിന് 107.16 ഡോളറിലെത്തി. യുഎസ് ബെഞ്ച്മാർക്ക് ക്രൂഡ് വില 2.2 ശതമാനം കുറഞ്ഞ് 96.84 ഡോളറിലെത്തിയാണ് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച റഷ്യയ്‌ക്കെതിരായ ഉപരോധ ഉത്തരവുകൾ നടപ്പിലാക്കുന്നത് നീട്ടിവെക്കാൻ ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചിരുന്നു. റഷ്യൻ എണ്ണ കയറ്റുമതി വീണ്ടും സജീവമാകുമെന്ന പ്രതീക്ഷയാണ് വിപണിയിൽ വില ഇടിയാൻ കാരണമായത്. നവംബർ 3-ന് നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ആഭ്യന്തര വിപണിയിൽ ഇന്ധനവില കുറയ്ക്കുന്നതിന്റെ ഭാഗമായി റഷ്യയുമായി ഡീസൽ കരാറിലെത്തിയതായി ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നിരുന്നാലും, മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെ തുടർന്നുണ്ടായ വിതരണ ശൃംഖലയിലെ തടസങ്ങൾ കാരണം ക്രൂഡ് ഓയിൽ വില ഇപ്പോഴും ഉയർന്ന നിലയിൽ തന്നെയാണുള്ളത്. ഇറാൻ യുദ്ധത്തിന് മുൻപുള്ള വിലയുമായി താരതമ്യം ചെയ്യുമ്പോൾ എണ്ണവില ഇപ്പോഴും ഉയർന്നാണ് നിൽക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡ് വില മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായ ഏകദേശം 110 ഡോളർ വരെ എത്തിയിരുന്നു













