ആഗോള രാഷ്ട്രീയ സാഹചര്യങ്ങളെ ഞെട്ടിക്കാൻ ട്രംപ്, തായ്‌വാൻ പ്രസിഡന്റുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് പ്രസിഡൻ്റ്; ബീജിംഗ് സന്ദർശനത്തിന് പിന്നാലെ നയതന്ത്ര രംഗത്ത് വൻ നീക്കം

വാഷിംഗ്ടൺ: പതിറ്റാണ്ടുകളായി തുടരുന്ന യുഎസ് നയതന്ത്ര മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി, തായ്‌വാൻ പ്രസിഡന്റ് ലായ് ചിങ്-തെയുമായി നേരിട്ട് സംസാരിക്കാൻ താൻ തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. അമേരിക്കൻ കോൺഗ്രസ് അംഗീകരിച്ച വൻ ആയുധ വിൽപന കരാറിൽ ഒപ്പുവെക്കുന്നതിന് മുൻപ് തായ്‌വാൻ പ്രസിഡന്റിനെ ഫോണിൽ വിളിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, “ഞാൻ ഇയാളോട് സംസാരിക്കും, ഞാൻ എല്ലാവരോടും സംസാരിക്കാറുണ്ട്” എന്നായിരുന്നു ട്രംപിന്റെ മറുപടി. മേരിലാൻഡിലെ ജോയിന്റ് ബേസ് ആൻഡ്രൂസിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഈ അപ്രതീക്ഷിത പ്രസ്താവന നടത്തിയത്.

1979-ൽ വാഷിംഗ്ടൺ തങ്ങളുടെ ഔദ്യോഗിക നയതന്ത്ര അംഗീകാരം തായ്‌വാനിൽ നിന്നും ചൈനയിലേക്ക് മാറ്റിയതിന് ശേഷം ഇതുവരെ അമേരിക്കയുടെയും തായ്‌വാന്റെയും പ്രസിഡന്റുമാർ തമ്മിൽ നേരിട്ട് ചർച്ചകൾ നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ട്രംപിന്റെ ഈ നീക്കം ആഗോള രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കും. തായ്‌വാൻ വിഷയം തങ്ങളുടെ കൈകളിൽ ഭദ്രമാണെന്നും ഈ ‘പ്രശ്നം’ പരിഹരിക്കാൻ യുഎസ് ശ്രമിച്ചുവരികയാണെന്നും എയർഫോഴ്സ് വണ്ണിൽ കയറുന്നതിന് മുൻപ് ട്രംപ് കൂട്ടിച്ചേർത്തു.

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി ബീജിംഗിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഈ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. തായ്‌വാൻ വിഷയം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചാൽ സ്ഥിതിഗതികൾ “അതിവേഗം അപകടകരമാകും” എന്ന് ഷി ജിൻപിംഗ് ട്രംപിന് നേരിട്ട് മുന്നറിയിപ്പ് നൽകിയിരുന്നു. തായ്‌വാൻ തങ്ങളുടെ സ്വന്തം പ്രദേശമാണെന്ന് അവകാശപ്പെടുന്ന ചൈന, ആവശ്യമെങ്കിൽ സൈനിക ശക്തി ഉപയോഗിച്ചും ദ്വീപിനെ ചൈനീസ് പ്രധാന ഭൂഭാഗത്തോട് കൂട്ടിച്ചേർക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളതാണ്.

‘വൺ ചൈന’നയത്തിന്റെ ഭാഗമായി തായ്‌വാൻ ചൈനയുടെ ഭാഗമാണെന്ന ബീജിംഗിന്റെ നിലപാടിനെ യുഎസ് അംഗീകരിക്കുന്നുണ്ടെങ്കിലും, ദ്വീപിന്മേലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അവകാശവാദത്തെ ഇതുവരെ ഔദ്യോഗികമായി യുഎസ് അംഗീകരിച്ചിട്ടില്ല. തായ്‌വാൻ റിലേഷൻസ് ആക്ട് പ്രകാരം സ്വയംഭരണ ദ്വീപിന് പ്രതിരോധ ആയുധങ്ങൾ നൽകാൻ യുഎസിന് നിയമപരമായ ബാധ്യതയുണ്ട്. തായ്‌വാന് 14 ബില്യൺ ഡോളറിന്റെ ആയുധങ്ങൾ വിൽക്കാനുള്ള കരാറിന് കഴിഞ്ഞ ജനുവരിയിൽ യുഎസ് കോൺഗ്രസ് അനുമതി നൽകിയിരുന്നു. ഈ കരാറുമായി ട്രംപ് മുന്നോട്ട് പോകുമോ എന്നാണ് ചൈന ഇപ്പോൾ ഉറ്റുനോക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ യുഎസ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആയുധ വിൽപനയായ 11 ബില്യൺ ഡോളറിന്റെ പ്രതിരോധ കരാർ തായ്‌വാനുമായി യുഎസ് ഒപ്പിട്ടിരുന്നു.

More Stories from this section

family-dental
witywide