ഹോർമുസ് കടലിടുക്കിനെ ചൊല്ലി അമേരിക്കയും ഇറാനും പരസ്പരം ഭീഷണി മുഴക്കുന്നതിനിടെ സൗദി അറേബ്യയുടെ തീരത്തിന് സമീപം എണ്ണ ടാങ്കർ കപ്പലിന് നേരെ അജ്ഞാത വസ്തു പതിച്ചതായി യുകെ മറൈൻ ട്രേഡ് ഓപ്പറേഷൻസ് (UKMTO) അറിയിച്ചു. സൗദിയിലെ യൻബു തീരത്ത് നിന്ന് ഏകദേശം 63 നോട്ടിക്കൽ മൈൽ അകലെയായിരിക്കെയാണ് കപ്പലിന്റെ പ്രധാന ഡെക്കിൽ വസ്തു പതിച്ചതെന്നും ഇതേത്തുടർന്ന് തീപിടിത്തമുണ്ടായെന്നും തിങ്കളാഴ്ച UKMTO അറിയിച്ചു. കപ്പലിലെ എല്ലാ ജീവനക്കാരും സുരക്ഷിതരാണ്. എല്ലാവരെയും കൃത്യമായി കണ്ടെത്തിയിട്ടുണ്ട്. പരിസ്ഥിതിക്ക് യാതൊരു ആഘാതവും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നും UKMTO സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
അതേസമയം, അമേരിക്ക ഇറാനെതിരെ സാമ്പത്തിക യുദ്ധം തുടരുന്നിടത്തോളം ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാൻ ഉദ്യോഗസ്ഥൻ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. സാമ്പത്തിക യുദ്ധം തുടരുകയാണെങ്കിൽ ഹോർമുസ് കടലിടുക്ക് വഴിയോ പേർഷ്യൻ ഉൾക്കടലിലെ മറ്റേതെങ്കിലും ഭാഗത്തൂടെയോ ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ല എന്ന് ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്‌സെൻ റെസായി എക്‌സിൽ കുറിച്ചു.ഇറാനിയൻ ജനതയ്‌ക്കെതിരായ അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തിൽ ഏതെങ്കിലും രാജ്യം പങ്കാളിയാകുകയോ പിന്തുണ നൽകുകയോ ചെയ്താൽ അത് ഇറാനെതിരായ യുദ്ധനടപടിയായി കണക്കാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കൂടാതെ, ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട ഇറാന്റെ പ്രോട്ടോക്കോളുകൾ ലംഘിക്കുന്ന കപ്പലുകൾക്ക് ഭാവിയിലെ യാത്രകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ഇറാന്റെ പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റി (PGSA) അറിയിച്ചു.നിയമലംഘനം നടത്തുന്ന കപ്പലുകൾക്ക് പിഴ ചുമത്തുകയോ കസ്റ്റഡിയിലെടുക്കുകയോ കപ്പൽ പിടിച്ചെടുക്കുകയോ ചെയ്യാമെന്നും അതോറിറ്റി വ്യക്തമാക്കി. പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി കപ്പൽ ഉടമകൾ സ്വീകരിക്കേണ്ട നടപടികളുടെ പട്ടികയും അതോറിറ്റി പുറത്തുവിട്ടിട്ടുണ്ട്. ഇതിൽ നിയമങ്ങൾ പാലിക്കാത്ത കപ്പലുകളുടെ ഓൺലൈൻ പട്ടിക പരിശോധിക്കണമെന്ന നിർദേശവും ഉൾപ്പെടുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച സമൂഹമാധ്യമത്തിലൂടെ നടത്തിയ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇറാന്റെ പുതിയ മുന്നറിയിപ്പുകൾ. ഇതുവരെ നടത്തിയതിൽവെച്ച് ഏറ്റവും ശക്തമായ സാമ്പത്തിക നടപടി ആരംഭിക്കുകയാണെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
A tanker was struck by an “unknown projectile” off the coast of Saudi Arabia, according to UK Marine Trade Operations












