സ്വന്തമെന്ന് തോന്നില്ല; അമേരിക്കയിൽ 13 വർഷം കഴിഞ്ഞ ശേഷം ഇന്ത്യയിലേക്ക് മടങ്ങിയ കാരണം വെളിപ്പെടുത്തി ഇന്ത്യൻ യുവതി

ന്യൂഡൽഹി: അമേരിക്കയിൽ 13 വർഷം താമസിച്ച ശേഷം കുടുംബത്തോടൊപ്പം ഇന്ത്യയിലേക്ക് മടങ്ങാനുള്ള തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ വെളിപ്പെടുത്തി ഇന്ത്യൻ യുവതി പങ്കുരി. വിസ പ്രശ്നങ്ങളോ ഏകാന്തതയോ അമേരിക്കയിലെ സാമൂഹിക ബന്ധങ്ങളുടെ അഭാവമോ അല്ല തിരിച്ചുവരവിന് കാരണമെന്ന് അവർ പറഞ്ഞു. ജീവിതത്തിലെ മാറിയ മുൻഗണനകൾ, പ്രായമായ മാതാപിതാക്കൾ, കുട്ടികളുടെ ഭാവി, ജോലി-ജീവിത സന്തുലിതാവസ്ഥ, കുടിയേറ്റവുമായി ബന്ധപ്പെട്ട തുടർച്ചയായ സമ്മർദം എന്നിവയാണ് ഇന്ത്യയിലേക്ക് മടങ്ങാൻ കാരണമായതെന്ന് അവർ വ്യക്തമാക്കി.

2023ലാണ് കുടുംബം ഇന്ത്യയിലേക്ക് മടങ്ങാൻ തീരുമാനിച്ചതെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പങ്കുരി പറഞ്ഞു. 13 വർഷം അമേരിക്കയിൽ കഴിഞ്ഞതിന് ശേഷം ഞങ്ങൾ എന്തുകൊണ്ടാണ് ഇന്ത്യയിലേക്ക് മടങ്ങിയത്? എന്ന ചോദ്യത്തോടെയാണ് അവർ വീഡിയോ ആരംഭിച്ചത്. കുടുംബത്തിന് വിസ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അമേരിക്കയിൽ മികച്ച സൗഹൃദങ്ങളും ശക്തമായ സാമൂഹിക ബന്ധങ്ങളും ഉണ്ടായിരുന്നെന്നും അവർ പറഞ്ഞു. എന്നാൽ എന്തോ ഒന്ന് നഷ്ടപ്പെട്ടതായി തോന്നിയിരുന്നുവെന്നും പങ്കുരി വ്യക്തമാക്കി.

സ്വന്തമെന്ന തോന്നലിന്റെ അഭാവമായിരുന്നു പ്രധാന കാരണങ്ങളിലൊന്ന്. സ്വന്തം പേര് പലപ്പോഴും അക്ഷരമിട്ട് പറയേണ്ടിവരികയും വ്യക്തിത്വത്തെയും സംസ്കാരത്തെയും കുറിച്ച് മറ്റുള്ളവർക്ക് വിശദീകരിക്കേണ്ടിവരികയും ചെയ്തിരുന്നുവെന്ന് അവർ പറഞ്ഞു. നിങ്ങളുമായി ഒരേ സാംസ്കാരിക പശ്ചാത്തലം പങ്കിടുന്ന ആളുകൾക്ക് ചുറ്റും കഴിയുക എന്നതാണ് പ്രധാനം. അങ്ങനെയെങ്കിൽ എല്ലായ്പ്പോഴും സ്വയം വിശദീകരിക്കേണ്ടിവരില്ല എന്നും പങ്കുരി പറഞ്ഞു.

പ്രായമായ മാതാപിതാക്കളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കണമെന്ന ആഗ്രഹവും ഇന്ത്യയിലേക്ക് മടങ്ങാനുള്ള തീരുമാനത്തിൽ നിർണായകമായി. കടലുകൾക്കപ്പുറം കഴിയുന്നത് കാലം കഴിയുന്തോറും കൂടുതൽ ബുദ്ധിമുട്ടായി തോന്നിയെന്നും അവർ പറഞ്ഞു. അവരുടെ ജീവിതത്തിലെ എത്ര സമയം ഫേസ്‌ടൈമിലൂടെയോ വാട്സ്ആപ്പ് വീഡിയോ കോളുകളിലൂടെയോ മാത്രം ചെലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു എന്ന ചോദ്യം ഞാൻ സ്വയം ചോദിക്കാൻ തുടങ്ങിയെന്നും അവർ പറഞ്ഞു.

കുട്ടികളുടെ ഭാവിയും കുടുംബം പരിഗണിച്ചു. കുട്ടികൾക്ക് എങ്ങനെയുള്ള ബാല്യമാണ് നൽകേണ്ടത്, അവരുടെ ദൈനംദിന ജീവിതം എങ്ങനെയായിരിക്കണം, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും എങ്ങനെയുള്ള ബന്ധമാണ് ഉണ്ടാകേണ്ടത് തുടങ്ങിയ കാര്യങ്ങൾ ദമ്പതികൾ കൂടുതൽ ഗൗരവമായി ചിന്തിക്കാൻ തുടങ്ങി. അമേരിക്കയിലെ ജോലി-കുടുംബ ജീവിതത്തിലെ സമ്മർദവും പങ്കുരി ചൂണ്ടിക്കാട്ടി. താനും ഭർത്താവും എല്ലാ ദിവസവും രാവിലെ 7 മുതൽ രാത്രി 9 വരെ ജോലി ചെയ്തിരുന്നുവെന്ന് അവർ പറഞ്ഞു. ഇന്ത്യയിൽ ലഭിക്കുന്ന ഗാർഹിക സഹായവും തിരിച്ചുവരാനുള്ള തീരുമാനത്തിലെ മറ്റൊരു ഘടകമായിരുന്നുവെന്നും അവർ വ്യക്തമാക്കി.

തുടർച്ചയായ ഇമിഗ്രേഷൻ സമ്മർദവും കുടുംബത്തെ ബാധിച്ചിരുന്നുവെന്ന് പങ്കുരി പറഞ്ഞു. വിസ അപ്പോയിന്റ്മെന്റുകൾ, നിയന്ത്രണങ്ങൾ, വിവിധ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി ജീവിതത്തിലെ പല കാര്യങ്ങളും ആസൂത്രണം ചെയ്യേണ്ടിവന്നിരുന്നുവെന്നും അവർ വ്യക്തമാക്കി.25 വയസ്സുള്ളപ്പോൾ ഉണ്ടായിരുന്ന ജീവിത മുൻഗണനകളല്ല ഇപ്പോഴുള്ളത്. വർഷങ്ങളോളം നിങ്ങൾ ഒരു ജീവിതം കെട്ടിപ്പടുക്കാം. എന്നാൽ പിന്നീട് നിങ്ങൾക്ക് ആ ജീവിതം പോലും വേണ്ടെന്ന് തോന്നിയേക്കാം എന്ന കാര്യം ആരും നിങ്ങളോട് പറയാറില്ല എന്നും പങ്കുരി പറഞ്ഞു.

ഇന്ത്യയിലേക്ക് മടങ്ങിയത് ഒരു വലിയ തീരുമാനം മാത്രമാണെന്നും അതിന് ശേഷം പുതിയൊരു ജീവിതം കെട്ടിപ്പടുക്കുക എന്നത് മറ്റൊരു വലിയ വെല്ലുവിളിയാണെന്നും അവർ വ്യക്തമാക്കി. അതേസമയം, പങ്കുരിയുടെ വീഡിയോയ്ക്ക് നിരവധി പേരാണ് പ്രതികരിച്ചത്. കുടുംബവും സ്വന്തമെന്ന തോന്നലും കാലം കഴിയുന്തോറും കൂടുതൽ പ്രധാനമാകുന്നുവെന്ന് ഒരാൾ അഭിപ്രായപ്പെട്ടു. മറ്റൊരാൾ പങ്കുരിയുടെ കാഴ്ചപ്പാട് വളരെ ചിന്താപൂർവമാണെന്നും പ്രതികരിച്ചു.

Indian woman reveals why her family returned to India after 13 years in US: ‘You don’t really belong here’

Also Read

More Stories from this section

family-dental
witywide