ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാൻ ആവശ്യപ്പെട്ടതായി ട്രംപിന്‍റെ വെളിപ്പെടുത്തൽ; ഇറാൻ തകർച്ചയുടെ വക്കിലെന്നും യുഎസ് പ്രസിഡന്‍റ്

വാഷിംഗ്ടൺ: ഇറാൻ ഭരണകൂടം വലിയ തകർച്ചയെ നേരിടുകയാണെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. നേതൃത്വത്തിലെ പ്രതിസന്ധികൾ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ ഹോർമുസ് കടലിടുക്ക് തുറന്നുനൽകണമെന്ന് ഇറാൻ അമേരിക്കയോട് ആവശ്യപ്പെട്ടതായും ട്രംപ് വെളിപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ അദ്ദേഹം ഈ നിർണ്ണായക വിവരങ്ങൾ പങ്കുവെച്ചത്.

“ഇറാൻ ഇപ്പോൾ തങ്ങൾ ഒരു ‘തകർച്ചയുടെ അവസ്ഥയിലാണെന്ന്’ ഞങ്ങളെ അറിയിച്ചിട്ടുണ്ട്. അവരുടെ നേതൃത്വത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടയിൽ, ഹോർമുസ് കടലിടുക്ക് എത്രയും വേഗം തുറന്നുനൽകാൻ അവർ ആഗ്രഹിക്കുന്നു. അവർക്ക് നേതൃത്വത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്” – ട്രംപ് പറഞ്ഞു.

സംഘർഷം അവസാനിപ്പിക്കാനായി ഇറാൻ മുന്നോട്ടുവെച്ച ഏറ്റവും പുതിയ നിർദ്ദേശം അംഗീകരിക്കാൻ സാധ്യതയില്ലെന്ന് തിങ്കളാഴ്ച തന്നെ ട്രംപ് സൂചിപ്പിച്ചിരുന്നു. ഹോർമുസ് കടലിടുക്ക് തുറക്കാമെന്നും എന്നാൽ ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ചുള്ള ചർച്ചകൾ പിന്നീട് നടത്താമെന്നുമായിരുന്നു ഇറാന്റെ വാഗ്ദാനം. എന്നാൽ ആണവ പദ്ധതിയടക്കമുള്ള കാര്യങ്ങളിൽ വ്യക്തമായ ധാരണയില്ലാതെ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിലാണ് വൈറ്റ് ഹൗസ്. മേഖലയിൽ ഇറാന്റെ സാമ്പത്തിക-രാഷ്ട്രീയ നിലനിൽപ്പ് അതീവ ഗുരുതരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നാണ് ട്രംപിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്. സമാധാന ചർച്ചകളിൽ തങ്ങൾക്ക് അനുകൂലമായ കർശന നിബന്ധനകൾ ഉറപ്പാക്കാനാണ് അമേരിക്കയുടെ നീക്കം.

Also Read

More Stories from this section

family-dental
witywide