
ന്യൂഡൽഹി: യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പുതിയ പ്രഖ്യാപനങ്ങളെ തുടർന്ന് ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇറാനെതിരെ നിശ്ചയിച്ചിരുന്ന സൈനിക ആക്രമണം താൽക്കാലികമായി നിർത്തിവെച്ചതായും, മിഡിൽ ഈസ്റ്റ് സംഘർഷം പരിഹരിക്കാൻ ചർച്ചകൾക്ക് വഴിതുറന്നതായും ട്രംപ് വ്യക്തമാക്കിയതാണ് രാജ്യാന്തര വിപണിയിൽ പെട്ടെന്നുള്ള വിലക്കുറവിന് കാരണമായത്.
ചൊവ്വാഴ്ച വ്യാപാരത്തിന്റെ തുടക്കത്തിൽ രാജ്യാന്തര ബെഞ്ച്മാർക്കായ ബ്രെൻ്റ് ക്രൂഡ് വില ബാരലിന് 3.01 ഡോളർ (2.7%) കുറഞ്ഞ് 109.09 ഡോളറിലെത്തി. യു.എസ് വെസ്റ്റ് ടെക്സസ് ഇൻ്ർമീഡിയറ്റ് ക്രൂഡ് വില 1.38 ഡോളർ ഇടിഞ്ഞ് 107.28 ഡോളറിലും വ്യാപാരം അവസാനിപ്പിച്ചു.
ഇറാൻ ആണവായുധം നിർമ്മിക്കുന്നത് തടയാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്താൻ വലിയ സാധ്യതയുണ്ടെന്ന് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. എന്നാൽ ഈ നീക്കം താൽക്കാലിക ആശ്വാസം നൽകുമെങ്കിലും വിപണിയിലെ ഭീഷണികൾ പൂർണ്ണമായി ഒഴിഞ്ഞിട്ടില്ലെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ. ഫെബ്രുവരി 28-ന് യു.എസും ഇസ്രായേലും ഇറാനിൽ നടത്തിയ സംയുക്ത ആക്രമണത്തെ തുടർന്ന്, ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്ക് കഴിഞ്ഞ 11 ആഴ്ചയായി തടസ്സപ്പെട്ടിരിക്കുകയാണ്.
അതേസമയം, ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞുതുടങ്ങിയെങ്കിലും, മുൻ ആഴ്ചകളിലെ ഉയർന്ന നിരക്കുകൾ കണക്കിലെടുത്ത് ഇന്ത്യയിൽ ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ചു. ചൊവ്വാഴ്ച പെട്രോളിനും ഡീസലിനും ലിറ്ററിന് 90 പൈസയോളമാണ് വർദ്ധിപ്പിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ രാജ്യത്ത് രേഖപ്പെടുത്തുന്ന രണ്ടാമത്തെ വിലവർദ്ധനവാണിത്. കഴിഞ്ഞ വെള്ളിയാഴ്ചയും ഇന്ധനവിലയിൽ 3 രൂപയുടെ വർദ്ധനവ് വരുത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇപ്പോഴും ബാരലിന് 100 ഡോളറിന് മുകളിൽ തുടരുന്നതാണ് രാജ്യത്തെ പൊതുവിപണിയിലും ഇന്ധനവില ഉയരാൻ കാരണം.
Trump says talks with Iran possible; oil market relieved, oil prices fall















