
വാഷിംഗ്‌ടൺ: റഷ്യ, ഇറാൻ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള കടുത്ത ഉപരോധ നിയമത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചു. റഷ്യയിൽ നിന്ന് എണ്ണയും പ്രകൃതിദത്ത വാതകവും വാങ്ങുന്നത് തുടരുന്ന രാജ്യങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ ട്രംപ് ഭരണകൂടത്തിന് വിപുലമായ അധികാരം നൽകുന്നതാണ് പുതിയ നിയമം. റഷ്യൻ ക്രൂഡ് ഓയിലിന്റെ പ്രധാന ഉപഭോക്താക്കളായ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളെ ഈ തീരുമാനം പ്രതികൂലമായി ബാധിച്ചേക്കും.
കഴിഞ്ഞ ജൂലൈയിൽ അന്തരിച്ച പ്രമുഖ റിപ്പബ്ലിക്കൻ സെനറ്ററുടെ സ്മരണാർത്ഥം “ലിൻഡ്സി ഒ. ഗ്രഹാം സാങ്ഷനിംഗ് റഷ്യ ആൻഡ് ഇറാൻ ആക്ട് ഓഫ് 2026” എന്നാണ് ഈ നിയമത്തിന് പേരിട്ടിരിക്കുന്നത്. ഒരു വർഷത്തിലേറെ നീണ്ട ചർച്ചകൾക്കൊടുവിലാണ് യുഎസ് കോൺഗ്രസ് ഈ ബില്ലിന് അംഗീകാരം നൽകിയത്.
വെള്ളിയാഴ്ച വൈറ്റ് ഹൗസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് പ്രസിഡന്റ് ട്രംപ് എച്ച്.ആർ. 5334 ബില്ലിൽ ഒപ്പുവെച്ച വിവരം പുറത്തുവിട്ടത്. റഷ്യൻ ഉദ്യോഗസ്ഥർ, ബാങ്കുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവർക്കെതിരെയുള്ള ഉപരോധം ശക്തമാക്കുന്നതിനൊപ്പം, പാശ്ചാത്യ രാജ്യങ്ങളുടെ വിലക്കുകൾ മറികടന്ന് റഷ്യൻ ഊർജ്ജ കയറ്റുമതി സുഗമമാക്കുന്ന ‘നിഴൽ കപ്പലുകളെ’ (shadow fleet) തളയ്ക്കാനും പുതിയ നിയമം ലക്ഷ്യമിടുന്നു. ഇതിന് പുറമെ ഇറാനെതിരെയുള്ള നിലവിലെ ഉപരോധങ്ങൾ അഞ്ച് വർഷത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.
ഇന്ത്യക്ക് നിർണായകം; 100 ശതമാനം നികുതി ഭീഷണി
റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്ന ലോകത്തിലെ ആദ്യ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് മേൽ 100 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്താൻ യുഎസ് പ്രസിഡന്റിന് അധികാരം നൽകുന്നതാണ് ഈ നിയമത്തിലെ പ്രധാന വ്യവസ്ഥ. റഷ്യയുടെ പ്രധാന എണ്ണക്കച്ചവട പങ്കാളികളായ ഇന്ത്യയെയും ചൈനയെയും സമ്മർദ്ദത്തിലാക്കാനാണ് അമേരിക്കയുടെ ഈ നീക്കം. റഷ്യയിലേക്കുള്ള പണമൊഴുക്ക് തടയുന്നതിലൂടെ യുക്രെയ്ൻ യുദ്ധത്തിന് ഒരു ശാശ്വത പരിഹാരം കാണാൻ മോസ്കോയെ നിർബന്ധിതരാക്കാൻ സാധിക്കുമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വിലയിരുത്തൽ.
കഴിഞ്ഞ ഓഗസ്റ്റിൽ 86-11 എന്ന വമ്പിച്ച ഭൂരിപക്ഷത്തോടെ സെനറ്റ് പാസാക്കിയ ബിൽ, ഈ ആഴ്ച ആദ്യം 262-159 വോട്ടുകൾക്കാണ് ജനപ്രതിനിധി സഭ പാസാക്കിയത്.
അമേരിക്കൻ ജനപ്രതിനിധി സഭ ബിൽ പാസാക്കിയതിന് പിന്നാലെ ശക്തമായ പ്രതികരണവുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. പുതിയ നിയമനിർമ്മാണം ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധത്തെയും ഇന്ത്യയുടെ ഊർജ്ജ സുരക്ഷയെയും വ്യാപാര താൽപ്പര്യങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ മാസങ്ങളിൽ നടന്ന ഉന്നതതല ചർച്ചകളിൽ അന്താരാഷ്ട്ര ഊർജ്ജ വിപണിയിലുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് യുഎസ് പ്രതിനിധികളെ ഇന്ത്യ ബോധ്യപ്പെടുത്തിയിരുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, അമേരിക്കയുടേത് അതിരുകടന്ന നിയമപരമായ ഇടപെടലാണെന്ന് ചൈന കുറ്റപ്പെടുത്തി. പുതിയ ഉപരോധങ്ങൾ യുക്രെയ്നിലെ സമാധാന ശ്രമങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുമെന്നാണ് റഷ്യയുടെ പ്രതികരണം. ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള സഹായവും ആണവ ശേഷി വികസനവും തടയുന്നതിന്റെ ഭാഗമായാണ് ഇറാനെതിരെയുള്ള ഉപരോധം അമേരിക്ക നീട്ടിയിരിക്കുന്നത്.
Trump signs Russian sanctions bill; Possibility of up to 100% additional tax on India.















