
ഫ്ലോറിഡ: ഇടക്കാല തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഫ്ലോറിഡയിലെ ഡേടോണ ബീച്ചിൽ നടന്ന റാലിക്കിടെ തനിക്കെതിരെ മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാരന് നേരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂക്ഷമായ ഭാഷയിൽ പൊട്ടിത്തെറിച്ചു. പ്രസംഗത്തിനിടെ നാലിലധികം തവണ പ്രതിഷേധക്കാർ തടസ്സം സൃഷ്ടിച്ചതോടെയാണ് ട്രംപ് നിയന്ത്രണം വിട്ടത്.
തന്റെ രാഷ്ട്രീയ പ്രസംഗത്തിനിടയിലേക്ക് കയറി സംസാരിച്ച പ്രതിഷേധക്കാരന് നേരെ തിരിഞ്ഞ്, “മിണ്ടാതിരിക്ക്, മിണ്ടാതിരിക്ക്… മണ്ടൻ… വലിയൊരു തോൽവി. ഇവനെ ഇവിടെ നിന്ന് പുറത്താക്കൂ,” എന്ന് ട്രംപ് പരസ്യമായി ആക്രോശിക്കുകയായിരുന്നു.
വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് ട്രംപ് സംസാരിക്കുന്നതിനിടയിലാണ് ആദ്യ തടസ്സമുണ്ടായത്. തുടർച്ചയായ തടസ്സപ്പെടുത്തലുകൾ തന്റെ പ്രസംഗത്തിന്റെ ഒഴുക്കിനെ ബാധിക്കുന്നുവെന്ന് ട്രംപ് പിന്നീട് പരാതിപ്പെടുകയും ചെയ്തു. ഇതിനിടെ ട്രംപിനെ അനുകൂലിക്കുന്ന ജനക്കൂട്ടം “ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു” എന്ന് വിളിച്ചുപറഞ്ഞപ്പോൾ, ആരെങ്കിലും തനിക്കെതിരെ സംസാരിക്കാൻ കാത്തിരിക്കുകയാണെന്ന് ട്രംപ് പരിഹസിച്ചു. തൊട്ടുപിന്നാലെ ഒരു പ്രതിഷേധക്കാരൻ “ഞങ്ങൾ നിങ്ങളെ വെറുക്കുന്നു” എന്ന് വിളിച്ചുപറഞ്ഞതും റാലിയിൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു.
ഓഷ്യൻ സെന്റർ അരീനയിൽ നടന്ന റാലിയിൽ പതിനായിരക്കണക്കിന് ആളുകളാണ് ട്രംപിനെ കേൾക്കാനെത്തിയത്. ഫ്ലോറിഡയിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളായ ഗവർണർ പദവിയിലേക്ക് മത്സരിക്കുന്ന ബൈറൺ ഡൊണാൾഡ്‌സിനും സെനറ്റർ ആഷ്‌ലി മൂഡിക്കും വേണ്ടി അദ്ദേഹം വോട്ട് അഭ്യർത്ഥിച്ചു. കോൺഗ്രസിന്റെ നിയന്ത്രണം ഏത് പാർട്ടിക്ക് ലഭിക്കുമെന്ന് നിർണയിക്കുന്ന ഈ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് ട്രംപ് ജനങ്ങളോട് പറഞ്ഞു.
Trump is interrupted by a third protester during his Florida rally:"There has never been such excitement for a midterm– Shut up, shut up. Dope. Shut up. Loser." https://t.co/om8iV93K18
— Headquarters (@HQNewsNow) October 31, 2026
ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പിന്നാലെ അയോവയിലും കാൻസസിലും റദ്ദാക്കിയിരുന്ന റാലികൾ ഞായറാഴ്ചത്തേക്ക് ട്രംപ് പുനഃക്രമീകരിച്ചു. കഴിഞ്ഞ ദിവസം തന്റെ ആരോഗ്യത്തെക്കുറിച്ച് ചോദിച്ച റോയിട്ടേഴ്സ് ലേഖകനോട് ട്രംപ് തട്ടിക്കയറിയിരുന്നു.
അതേസമയം, ഇടക്കാല തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് അഞ്ച് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, യുഎസിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് റെക്കോർഡ് പോളിംഗാണ് രേഖപ്പെടുത്തുന്നത്. ഏകദേശം ഒരു കോടിയോളം ആളുകൾ ഇതിനകം തന്നെ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞതായാണ് അസോസിയേറ്റഡ് പ്രസ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്.
Trump snaps at a protester who interrupted his speech in Florida.















