
വാഷിംഗ്ടൺ: അമേരിക്കൻ ആക്രമണങ്ങൾക്ക് നേരെ തിരിച്ചടി നൽകാൻ മുതിർന്നാൽ ഇറാനെ അതിശക്തമായി നേരിടുമെന്ന് മുന്നറിയിപ്പുമായി മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫോക്സ് ന്യൂസിന്റെ ട്രേയി യംഗ്സ്റ്റിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. “അവർ തിരിച്ചടിച്ചാൽ, കൂടുതൽ ശക്തമായ പ്രഹരമായിരിക്കും അവർക്ക് ലഭിക്കുക. ഇനിയും അത് ആവർത്തിച്ചാൽ ഇറാന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാകും,” എന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടത്തി യുഎസ് പ്രകോപനങ്ങൾക്ക് മറുപടി നൽകുകയാണെന്ന് ഇറാൻ ചൊവ്വാഴ്ച വ്യോമാക്രമണത്തിന് പിന്നാലെ അറിയിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ട്രംപ്.
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ഇനിയൊരു കരാറിന് താല്പര്യമുണ്ടോ എന്ന ചോദ്യത്തിന്, ഇറാനുമായുള്ള ഒരു കരാറിനും അത് എഴുതപ്പെടുന്ന കടലാസിന്റെ വിലപോലുമില്ലെന്ന് ട്രംപ് പറഞ്ഞു. അവർക്ക് നിരവധി അവസരങ്ങൾ നൽകിയതാണെന്നും അതിനാൽ ഇനി ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















