ട്രംപ് – ഷി ജിൻപിംഗ് നിർണായക ചർച്ചകൾ ആരംഭിച്ചു; വ്യാപാരവും ആഗോള സുരക്ഷയും പ്രധാന അജണ്ടകൾ

ബെയ്ജിംഗ്: ആഗോള സാമ്പത്തിക-രാഷ്ട്രീയ രംഗങ്ങളിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചേക്കാവുന്ന യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗും തമ്മിലുള്ള നിർണായക കൂടിക്കാഴ്ചയ്ക്ക് ബെയ്ജിംഗിൽ തുടക്കമായി. ഇരു നേതാക്കളും തമ്മിലുള്ള അടച്ചിട്ട മുറിയിലെ ചർച്ചകൾ മണിക്കൂറുകളോളം നീണ്ടുനിൽക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ഒക്ടോബറിലുണ്ടായ വ്യാപാരയുദ്ധ വിരാമക്കരാർ നിലനിർത്തുന്നതിനൊപ്പം, പുതിയ നികുതി ഇളവുകളും ‘ബോർഡ് ഓഫ് ട്രേഡ്’ പോലുള്ള ഔദ്യോഗിക സംവിധാന രൂപീകരണവും ചർച്ചയിൽ പ്രധാന വിഷയങ്ങളാകും. അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾ, വ്യോമയാന ഉപകരണങ്ങൾ, ഊർജ്ജം എന്നിവ ചൈന വലിയ തോതിൽ ഇറക്കുമതി ചെയ്യുന്നതിനുള്ള കരാറുകളിൽ ഒപ്പിടാൻ യുഎസ് സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഇലോൺ മസ്ക്, ടിം കുക്ക് തുടങ്ങിയ പ്രമുഖ യുഎസ് വ്യവസായ പ്രമുഖരും ട്രംപിനൊപ്പമുണ്ട്.

അതേസമയം, അത്യാധുനിക സെമികണ്ടക്ടറുകൾക്കും ചിപ്പ് നിർമ്മാണ ഉപകരണങ്ങൾക്കും യുഎസ് ഏർപ്പെടുത്തിയ കയറ്റുമതി നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്നാണ് ചൈനയുടെ പ്രധാന ആവശ്യം. തന്ത്രപ്രധാന ധാതുക്കളുടെ സുസ്ഥിരമായ ലഭ്യത ഉറപ്പാക്കാൻ യുഎസും ചൈനയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. യുഎസ്-ഇറാൻ സംഘർഷം ലഘൂകരിക്കുന്നതിലും ഹോർമുസ് കടലിടുക്കിൻ്റെ സുരക്ഷ ഉറപ്പാക്കുന്നതിലും ഇറാൻ്റെ പങ്കാളിയായ ചൈനയുടെ ഇടപെടൽ ട്രംപ് ആവശ്യപ്പെട്ടേക്കും.

ട്രംപിനെ സ്വാഗതം ചെയ്തുകൊണ്ട് സംസാരിക്കവെ, രണ്ട് വൻശക്തികൾ തമ്മിലുള്ള ഏറ്റുമുട്ടലിൻ്റെ അപകടസാധ്യതകളെക്കുറിച്ച് ഷി ജിൻപിംഗ് മുന്നറിയിപ്പ് നൽകി. പുരാതന ഗ്രീക്ക് ചരിത്രത്തിലെ ‘തുസിഡിഡിസ് ട്രാപ്പ്’ എന്ന സങ്കല്പം അദ്ദേഹം പരാമർശിച്ചു. ഒരു പുതിയ ശക്തി ഉയർന്നുവരുമ്പോൾ നിലവിലുള്ള വൻശക്തിയുമായി യുദ്ധം അനിവാര്യമാകുന്ന അവസ്ഥയെയാണിത് സൂചിപ്പിക്കുന്നത്. ഇരുരാജ്യങ്ങൾക്കും ഈ ചരിത്രപരമായ കെണി മറികടന്ന് പുതിയൊരു ബന്ധം സ്ഥാപിക്കാൻ കഴിയുമോ എന്ന് ലോകം ഉറ്റുനോക്കുകയാണെന്ന് ഷി ജിൻപിംഗ് പറഞ്ഞു.

ചർച്ചയ്ക്കിടെ തായ്‌വാൻ പ്രശ്‌നം ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ യുഎസും ചൈനയും സംഘർഷത്തിലേക്ക് നീങ്ങുമെന്ന് ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗ് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുണ്ട്. സിൻഹുവയുടെ റിപ്പോർട്ട് പ്രകാരം, തായ്‌വാൻ പ്രശ്‌നം ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെടുന്നത് ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലുകൾക്ക് കാരണമാകുമെന്ന് ഷി മുന്നറിയിപ്പ് നൽകി.

ബീജിംഗിലെത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വൻ സൈനിക ഗാർഡ് ഓഫ് ഓണറോടെയുള്ള ഔദ്യോഗിക സ്വീകരണമാണ് ചൈന ഒരുക്കിയത്. ഇതിന് ശേഷമാണ് ഇരു നേതാക്കളും തമ്മിലുള്ള നിർണായകമായ അടച്ചിട്ട മുറിയിലെ ചർച്ചകൾ ആരംഭിച്ചത്.

Trump – Xi Jinping begin crucial talks; trade and global security top agendas

More Stories from this section

family-dental
witywide