
വാഷിംഗ്ടൺ: ആഗോള സമ്പദ്‌വ്യവസ്ഥയെ ഉറ്റുനോക്കിക്കൊണ്ട് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിലുള്ള ചരിത്രപരമായ മൂന്ന് ദിവസത്തെ ഉച്ചകോടിക്ക് വാഷിംഗ്ടണിൽ തുടക്കമായി. സന്ദർശനത്തിനായി ജോയിന്റ് ബേസ് ആൻഡ്രൂസ് വിമാനത്താവളത്തിലെത്തിയ ചൈനീസ് പ്രസിഡഡന്റ് ഷിക്കും ഭാര്യക്കും റെഡ് കാർപെറ്റും 21 ആചാരവെടികൾ മുഴക്കിയും മിലിട്ടറി ബാൻഡ് വാദ്യത്തോടെയുമാണ് പ്രൗഢഗംഭീരമായ സ്വീകരണം നൽകിയത്. അമേരിക്കൻ കുട്ടികൾ ഇരുവർക്കും പൂച്ചെണ്ടുകൾ നൽകിയതായി ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.
വിമാനമിറങ്ങിയ ഷി ജിൻപിംഗിനെയും പത്നി പെങ് ലി യുവാനെയും സ്വീകരിക്കാൻ ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും നേരിട്ടെത്തിയിരുന്നു. ഇരു നേതാക്കളും പരസ്പരം കൈകൊടുത്ത് സൗഹൃദം പങ്കിട്ടു. വർഷങ്ങൾക്ക് ശേഷമുള്ള അപൂർവ്വമായൊരു നയതന്ത്ര സ്വീകരണത്തിനാണ് വ്യോമസേനാ താവളം സാക്ഷ്യം വഹിച്ചത്. 1962-ന് ശേഷം ആദ്യമായാണ് ഒരു യു.എസ് പ്രസിഡന്റ് വിദേശ നേതാവിനെ സ്വീകരിക്കാൻ ഈ ബേസിൽ നേരിട്ടെത്തുന്നത്. ചൈനീസ് പ്രസിഡന്റിന്റെ സന്ദർശനത്തിന് ട്രംപ് ഭരണകൂടം നൽകുന്ന അതീവ പ്രാധാന്യമാണ് ഈ രാജകീയ സ്വീകരണമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ വിലയിരുത്തുന്നു. ഇരുരാജ്യങ്ങളുടെയും പതാകകൾ വാനിലുയർന്ന ചടങ്ങിൽ യു.എസ് എയർഫോഴ്സ് ബാൻഡ് ഇരുദേശീയഗാനങ്ങളും ആലപിച്ചു. ചൈനീസ് നേതാവിന്റെ വരവ് പ്രമാണിച്ച് രണ്ട് ബി-1 ബോംബർ വിമാനങ്ങൾ ആകാശത്ത് ആദരവ് പ്രകടിപ്പിച്ച് പറന്നുയർന്നതും സ്വീകരണത്തിന് മാറ്റുകൂട്ടി.
ട്രംപും ഷിയും തമ്മിലുള്ള ഔദ്യോഗിക ചർച്ചകൾക്ക് തൊട്ടുമുമ്പ്, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധത്തിലെ താൽക്കാലിക വെടിനിർത്തൽ നീട്ടാൻ ധാരണയായതായി യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പ്രഖ്യാപിച്ചു.
വരുന്ന നവംബർ 10-ന് അവസാനിക്കേണ്ടിയിരുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള “ബുസാൻ കരാർ” അടുത്ത വർഷം ജനുവരി 10 വരെ നീട്ടാനാണ് പുതിയ തീരുമാനം. ചൈനീസ് വൈസ് പ്രീമിയർ ഹെ ലിഫെംഗുമായി ന്യൂയോർക്കിലും വാഷിംഗ്ടണിലുമായി യു.എസ് ട്രഷറി സെക്രട്ടറി നടത്തിയ ദീർഘമായ ചർച്ചകൾക്കൊടുവിലാണ് ആഗോള വിപണിക്ക് താൽക്കാലിക ആശ്വാസം നൽകുന്ന ഈ പ്രഖ്യാപനം ഉണ്ടായത്. കരാർ നീട്ടിയതോടെ ഇരുരാജ്യങ്ങളും പരസ്പരം ചുമത്തിയിരുന്ന അധിക നികുതികളിലുള്ള ഇളവുകൾ തുടരും.
ചൈനയും അമേരിക്കയും മഹത്തായ രണ്ട് രാഷ്ട്രങ്ങളാണെന്നും, ഇരുരാജ്യങ്ങളും എതിരാളികളാകുന്നതിനേക്കാൾ പങ്കാളികളാകുകയാണ് വേണ്ടതെന്നും വിമാനത്താവളത്തിൽ നൽകിയ രേഖാമൂലമുള്ള പ്രസ്താവനയിൽ ഷി ജിൻപിംഗ് വ്യക്തമാക്കി. ചൈനയുടെ പുനരുജ്ജീവനവും അമേരിക്കയെ വീണ്ടും മഹത്തരമാക്കുക എന്ന ലക്ഷ്യവും പരസ്പരം പൊരുത്തപ്പെട്ടുപോകുന്നതാണെന്നും അത് ലോകത്തിന് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷി ജിൻപിംഗിനെ ഒരു “മഹാനായ നേതാവ്” എന്ന് വിശേഷിപ്പിച്ച ട്രംപ്, ഈ കൂടിക്കാഴ്ച ഒരു വലിയ നിമിഷമാണെന്നും പ്രതികരിച്ചു.
2025-ൽ ട്രംപ് ചൈനീസ് ഉൽപ്പന്നങ്ങൾക്ക് മേൽ കടുത്ത നികുതികൾ ചുമത്തിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമായത്. എന്നാൽ നിർണായകമായ അപൂർവ്വ ധാതുക്കളുടെ കയറ്റുമതി നിയന്ത്രിച്ചുകൊണ്ട് ചൈന ശക്തമായ തിരിച്ചടി നൽകിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പ്രതിസന്ധിയിലായിരുന്നു. കഴിഞ്ഞ മെയ് മാസത്തിൽ ചൈനയിൽ വെച്ചാണ് ഇരുനേതാക്കളും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. അന്ന് ഏതാനും വ്യാപാര ധാരണകൾക്കപ്പുറം വലിയ പുരോഗതി കരാറുകളിൽ ഉണ്ടായിരുന്നില്ല.
തായ്‌വാൻ വിഷയത്തിൽ അമേരിക്കയുടെ നയങ്ങളിൽ മാറ്റമുണ്ടാകില്ലെന്ന് സൂചന നൽകിയ ട്രംപ്, ചൈനയിൽ നിന്ന് ഔദ്യോഗികമായി സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിനെതിരെ തായ്‌വാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താൽക്കാലികമായി വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും, ഇരുരാജ്യങ്ങളും തമ്മിൽ കൂടുതൽ സുപ്രധാനമായ വലിയൊരു വ്യാപാര കരാർ ഭാവിയിൽ സാധ്യമാകുമോ എന്ന കാര്യത്തിൽ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് ഇപ്പോഴും സംശയം പ്രകടിപ്പിക്കുന്നുണ്ട്. വ്യാഴാഴ്ച ഇരുനേതാക്കളും നടത്തുന്ന ഉച്ചകോടിയിൽ കൂടുതൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്.
അതേസമയം, ഉച്ചകോടിയുടെ തത്സമയ കവറേജുമായി ബന്ധപ്പെട്ട് മാധ്യമരംഗത്തും നാടകീയ നീക്കങ്ങൾ അരങ്ങേറി. ട്രംപിന്റെ വാർത്തകൾ ചിത്രീകരിക്കുന്നതിന് പ്രമുഖ യു.എസ് ചാനലുകൾ ഏർപ്പെടുത്തിയ വിലക്ക് ഷി ജിൻപിംഗിന്റെ സ്വീകരണ ചടങ്ങിലും തുടർന്നു. ജോയിന്റ് ബേസ് ആൻഡ്രൂസിൽ എത്തിയ ഫോക്സ് ന്യൂസ്, സി.ബി.എസ്, എൻ.ബി.സി തുടങ്ങിയ അഞ്ച് മുൻനിര നെറ്റ്‌വർക്കുകളിലെ ക്യാമറ സംഘങ്ങൾ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ തയ്യാറാകാതെ തങ്ങളുടെ ഉപകരണങ്ങൾ അഴിച്ചുമാറ്റി മടങ്ങി. എന്നാൽ ന്യൂസ്‌നേഷൻ, ന്യൂസ്‌മാക്സ്, റൈറ്റ് സൈഡ് ബ്രോഡ്കാസ്റ്റിംഗ് നെറ്റ്‌വർക്ക്, വൺ അമേരിക്ക ന്യൂസ്, ലിൻഡൽ ടിവി തുടങ്ങിയ മറ്റ് മാധ്യമങ്ങൾ ചടങ്ങ് പൂർണ്ണമായി ചിത്രീകരിക്കാൻ വിമാനത്താവളത്തിൽ സന്നിഹിതരായിരുന്നു.
Trump-Xi Jinping summit begins in Washington; trade agreement extended; major US channels boycott coverage.














