
യു.എസ് മിഡ്ടേം തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പരാജയത്തെത്തുടർന്ന്, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തിലെ നേതൃസ്ഥാനങ്ങളിൽ അഴിച്ചുപണിക്ക് സാധ്യതയെന്ന് റിപ്പോർട്ടുകൾ. നിലവിലെ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്ക് പകരക്കാരനായി ഇന്ത്യയിലെ യു.എസ് അംബാസഡറായ സെർജിയോ ഗോറിനെ പരിഗണിക്കുന്നതായാണ് സൂചന. സ്റ്റേറ്റ് സെക്രട്ടറി പദവിക്ക് പുറമെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനത്തേക്കും ഗോറിന്റെ പേര് ചർച്ചകളിൽ ഉയരുന്നുണ്ട്. ഭരണകൂടത്തിലെ 10 പ്രമുഖരെ ഉദ്ധരിച്ച് ‘ദി വാഷിങ്ടൺ സൺ’ ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. 2028-ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മത്സരത്തിനായി തയ്യാറെടുക്കാൻ റൂബിയോ സ്ഥാനം ഒഴിഞ്ഞേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
2025 നവംബർ മുതൽ ഇന്ത്യയിലെ അമേരിക്കൻ അംബാസഡറായി സേവനമനുഷ്ഠിക്കുന്ന സെർജിയോ ഗോർ, ദക്ഷിണ-മധ്യ ഏഷ്യൻ മേഖലകളിലെ അമേരിക്കയുടെ പ്രത്യേക ദൂതൻ കൂടിയാണ്. പ്രസിഡന്റ് ട്രംപുമായി അടുത്ത സൗഹൃദം പുലർത്തുന്ന ഇദ്ദേഹം, അന്താരാഷ്ട്ര തലത്തിൽ സുപ്രധാന നയതന്ത്ര സ്വാധീനമുള്ള വ്യക്തിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, പുറത്തുവന്ന വാർത്തകൾ സെർജിയോ ഗോർ പൂർണമായി തള്ളി. തനിക്ക് മറ്റ് പദവികളിൽ താല്പര്യമില്ലെന്നും മാർക്കോ റൂബിയോ പകരം വെക്കാനില്ലാത്ത മികച്ച സ്റ്റേറ്റ് സെക്രട്ടറിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം മാധ്യമ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും വൈറ്റ് ഹൗസും പ്രതികരിച്ചിട്ടുണ്ട്.
US Cabinet Reshuffle Likely: Sergio Gor Considered to Replace Marco Rubio, Reports Say














