
വാഷിംഗ്ടൺ: നിർണായകമായ ഇടക്കാല തെരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ജനപ്രീതി ഫോക്സ് ന്യൂസ് സർവേകളിൽ എക്കാലത്തെയും താഴ്ന്ന നിലയിലെത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ രണ്ട് വർഷമായി വാഷിംഗ്ടണിൽ റിപ്പബ്ലിക്കൻ പാർട്ടി കാഴ്ചവെച്ച ഭരണനേട്ടങ്ങളെയും പ്രകടനങ്ങളെയും കുറിച്ചുള്ള വോട്ടർമാരുടെ വിലയിരുത്തൽ കൂടിയാകും ഈ തെരഞ്ഞെടുപ്പ്.
ദേശീയ തലത്തിൽ നടത്തിയ പുതിയ സർവേ പ്രകാരം, കോൺഗ്രസ് ഡിസ്ട്രിക്ടുകളിലെ വോട്ടർമാരുടെ മുൻഗണനകളിൽ റിപ്പബ്ലിക്കൻ പാർട്ടിയേക്കാൾ ഒമ്പത് പോയിന്റ് മുന്നിലാണ് ഡെമോക്രാറ്റിക് പാർട്ടി. വോട്ട് രേഖപ്പെടുത്തുന്നതിന് ഒരു പ്രധാന കാരണം ട്രംപിനോടുള്ള എതിർപ്പ് പ്രകടിപ്പിക്കാനാണെന്ന് സർവേയിൽ പങ്കെടുത്തവരിൽ പകുതിയോളം പേർ വ്യക്തമാക്കി. എന്നാൽ പ്രസിഡന്റിനുള്ള പിന്തുണ അറിയിക്കാനാണ് തങ്ങൾ വോട്ട് ചെയ്യുന്നതെന്ന് വ്യക്തമാക്കിയത് വെറും 25 ശതമാനം പേർ മാത്രമാണ്.
ട്രംപിന്റെ മൊത്തത്തിലുള്ള ഭരണാധികാരത്തെ അംഗീകരിക്കുന്നത് 36 ശതമാനം വോട്ടർമാർ മാത്രമാണ്. നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിലെ അദ്ദേഹത്തിന്റെ നടപടികളെ അംഗീകരിക്കുന്നത് വെറും 22 ശതമാനം പേർ മാത്രമാണെന്നും സർവേ വ്യക്തമാക്കുന്നു. പരിശോധിച്ച 14 പ്രധാന വിഷയങ്ങളിൽ 11 എണ്ണത്തിലും ഡെമോക്രാറ്റിക് പാർട്ടിക്ക് മികച്ച മുൻതൂക്കമുണ്ട്. പ്രത്യേകിച്ച് നാണയപ്പെരുപ്പവും വിലക്കയറ്റവും കൈകാര്യം ചെയ്യുന്നതിൽ റിപ്പബ്ലിക്കൻ പാർട്ടിയേക്കാൾ 16 പോയിന്റിന്റെ മുൻതൂക്കം ഡെമോക്രാറ്റുകൾക്കുണ്ട്. ഗ്യാസ് വില നിയന്ത്രിക്കുന്നതിൽ 12 പോയിന്റും, സർക്കാർ തലത്തിലെ അഴിമതി തടയുന്നതിൽ 10 പോയിന്റും മുന്നിലാണ്.
അതേസമയം, കുറ്റകൃത്യങ്ങൾ തടയുന്നതിൽ (10 പോയിന്റ്) അതിർത്തി സുരക്ഷ ഉറപ്പാക്കുന്നതിൽ (8 പോയിന്റ്) എന്നിവയിൽ റിപ്പബ്ലിക്കൻ പാർട്ടി മെച്ചപ്പെട്ട നിലയിലാണെന്ന് വോട്ടർമാർ കരുതുന്നു. എങ്കിലും രാജ്യത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ വ്യക്തമായ പദ്ധതികളുള്ളത് ഏത് പാർട്ടിപ്പാണെന്ന കാര്യത്തിൽ വോട്ടർമാർക്കിടയിൽ ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ഡെമോക്രാറ്റിക് പാർട്ടിക്ക് വ്യക്തമായ പദ്ധതിയുണ്ടെന്ന് 35 ശതമാനം പേരും റിപ്പബ്ലിക്കൻ പാർട്ടിക്ക് ഉണ്ടെന്ന് 33 ശതമാനം പേരും വിശ്വസിക്കുന്നു. രാജ്യവ്യാപകമായി 1,202 രജിസ്റ്റർ ചെയ്ത വോട്ടർമാരെ പങ്കെടുപ്പിച്ചാണ് ഫോക്സ് ന്യൂസ് ഈ പോൾ സംഘടിപ്പിച്ചത്.















