ചരിത്രത്തിലാദ്യം: ട്രംപിൻ്റെ ക്രിപ്റ്റോ കമ്പനിക്ക് ബാങ്ക് പദവി; ‘അമേരിക്കൻ സാമ്പത്തിക രംഗത്തെ ഏറ്റവും വലിയ അഴിമതി’യെന്ന് പ്രതിപക്ഷം

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള ക്രിപ്റ്റോ കറൻസി കമ്പനിക്ക് ബാങ്ക് പദവി അനുവദിച്ച് യു.എസ് നാഷണൽ ബാങ്ക് റെഗുലേറ്റർ. ട്രംപ് തന്നെ നിയമിച്ച ഉദ്യോഗസ്ഥൻ തലവനായ ‘ഓഫീസ് ഓഫ് ദി കോംപ്‌ട്രോളർ ഓഫ് ദി കറൻസി’ (ഒ.സി.സി) ആണ് ‘വേൾഡ് ലിബർട്ടി ട്രസ്റ്റ് കോ.’ എന്ന സ്ഥാപനത്തിന് ബാങ്ക് ചാർട്ടർ സ്ഥാപിക്കാനുള്ള താൽക്കാലിക അനുമതി നൽകിയത്. അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് അധികാരത്തിലിരിക്കുന്ന ഒരു പ്രസിഡൻ്റിൻ്റെ കുടുംബത്തിന് കീഴിലുള്ള കമ്പനിക്ക് ബാങ്ക് പദവി ലഭിക്കുന്നത്.

യു.എസ് ഡോളറുമായി മൂല്യം ബന്ധിപ്പിച്ചിരിക്കുന്ന ‘സ്റ്റേബിൾകോയിൻ’ നേരിട്ട് പുറത്തിറക്കാനുള്ള ലൈസൻസാണ് ഈ അനുമതിയിലൂടെ കമ്പനിക്ക് ലഭിച്ചിരിക്കുന്നത്. ട്രംപിനും കുടുംബത്തിനുമായി 38 ശതമാനം ഓഹരി പങ്കാളിത്തമുള്ളതാണ് ഈ സ്ഥാപനം. പുതിയ തീരുമാനത്തോടെ ഇടനിലക്കാരെ ഒഴിവാക്കി, ക്ലയൻ്റുകളിൽ നിന്ന് നേരിട്ട് ഡോളർ സ്വീകരിച്ച് ഡിജിറ്റൽ കറൻസി നൽകാൻ ട്രംപിൻ്റെ കമ്പനിക്ക് സാധിക്കും. ഇത് വഴി കോടിക്കണക്കിന് ഡോളറിൻ്റെ ലാഭമാണ് കമ്പനി ലക്ഷ്യമിടുന്നത്.

പ്രസിഡൻ്റിൻ്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സ്വന്തം ബിസിനസ്സ് വളർത്താനുള്ള നീക്കമാണിതെന്ന് ആരോപിച്ച് ഡെമോക്രാറ്റിക് പാർട്ടി രംഗത്തെത്തിയിട്ടുണ്ട്. യു.എസ് സാമ്പത്തിക രംഗം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സ്വാർത്ഥലാഭത്തിനായുള്ള നീക്കമാണിതെന്ന് സെനറ്റർ എലിസബത്ത് വാറൻ കുറ്റപ്പെടുത്തി. അമേരിക്കൻ ചരിത്രത്തിലാദ്യമായി ഒരു പ്രസിഡൻ്റ് സ്വന്തം കമ്പനിയുടെ മേൽനോട്ടം വഹിക്കുന്ന സാഹചര്യം വന്നിരിക്കുകയാണെന്നും, ഇത്തരം അഴിമതികൾ തടയാൻ പുതിയ നിയമനിർമ്മാണം നടത്തുമെന്നും അവർ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.

കമ്പനി പബ്ലിക് ആയ ആദ്യ ദിവസങ്ങളിൽ തന്നെ 5 ബില്യൺ ഡോളറിൻ്റെ മൂല്യം കൈവരിച്ചിരുന്നു. സാമ്പത്തിക വെളിപ്പെടുത്തലുകൾ പ്രകാരം ട്രംപിന് മാത്രം ഈ സംരംഭങ്ങളിൽ നിന്ന് 1.4 ബില്യൺ ഡോളറിലധികം വരുമാനം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മെയ് മാസത്തിൽ അബുദാബി ആസ്ഥാനമായുള്ള പൊതുമേഖലാ നിക്ഷേപ സ്ഥാപനമായ എംജിഎക്സ് ഈ കമ്പനിയിൽ 2 ബില്യൺ ഡോളർ നിക്ഷേപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ, യു.എ.ഇയ്ക്ക് അത്യാധുനിക അമേരിക്കൻ നിർമ്മിത എഐ ചിപ്പുകൾ നൽകാൻ ട്രംപ് ഭരണകൂടം അനുമതി നൽകിയത് ഇപ്പോൾ വലിയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. ഈ ചിപ്പുകൾ ചൈനയിലേക്ക് ചോരുമോ എന്ന ആശങ്ക മുൻപ് നിലനിന്നിരുന്നു.

ആരോപണങ്ങൾ നിഷേധിച്ച് വൈറ്റ് ഹൗസ്

അതേസമയം, ഉയർന്നുവന്ന അഴിമതി ആരോപണങ്ങൾ വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി നിഷേധിച്ചു. പ്രസിഡൻ്റിൻ്റെ ആസ്തികൾ മക്കൾ നിയന്ത്രിക്കുന്ന ‘ബ്ലൈൻഡ് ട്രസ്റ്റിൻ്റെ’ കീഴിലായതിനാൽ താല്പര്യങ്ങളുടെ വൈരുദ്ധ്യം നിലനിൽക്കുന്നില്ലെന്നും, ട്രംപ് അമേരിക്കൻ ജനതയുടെ താല്പര്യങ്ങൾക്ക് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നതെന്നും അവർ അവകാശപ്പെട്ടു.

നിയമപരമായ കടമകൾക്കും ഏജൻസിയുടെ നയങ്ങൾക്കും അനുസൃതമായാണ് അപേക്ഷ പരിശോധിച്ചതെന്ന് ഒ.സി.സിയും വ്യക്തമാക്കി. കമ്പനിയുടെ മൂലധനം വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ചില നിബന്ധനകൾ പാലിച്ചതിന് ശേഷം മാത്രമേ ബാങ്ക് ചാർട്ടറിന് പൂർണ്ണ അനുമതി ലഭിക്കുകയുള്ളൂ.

Trump’s crypto company granted bank status; Opposition calls it ‘the biggest scam in the American economy’

More Stories from this section

family-dental
witywide