
ഫുട്ബോൾ ആരാധകരെ ആവേശത്തിൻ്റെ കൊടുമുടിയിലെത്തിച്ച 2026 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട പോരാട്ടത്തിൽ യുഎസ്എയ്ക്കെതിരെ തുർക്കിക്ക് രണ്ടിനെതിരെ മൂന്ന് ഗോളുകളുടെ (3-2) ആവേശ ജയം. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച യുഎസ്എ നേരത്തെ തന്നെ നോക്കൗട്ട് യോഗ്യത ഉറപ്പാക്കിയിരുന്നു.
മത്സരത്തിൻ്റെ തുടക്കം മുതൽ ഇരുടീമുകളും ആക്രമിച്ചു കളിച്ചു. മൂന്നാം മിനിറ്റിൽ ഡിഫൻഡർ ഓസ്റ്റൺ ട്രസ്റ്റിയിലൂടെ യുഎസ്എയാണ് ആദ്യ വെടിപൊട്ടിച്ചത്. എന്നാൽ പത്താം മിനിറ്റിൽ റയൽ മാഡ്രിഡ് താരം അർദ ഗുലറിലൂടെ തുർക്കി സമനില പിടിച്ചു. 31-ാം മിനിറ്റിൽ ബാരീഷ് യിൽമാസ് തുർക്കിയെ മുന്നിലെത്തിച്ചു (2-1).
രണ്ടാം പകുതിയുടെ തുടക്കത്തിൽ (49-ാം മിനിറ്റ്) സെബാസ്റ്റ്യൻ ബെർഹാൾട്ടർ യുഎസ്എയ്ക്കായി സമനില ഗോൾ നേടി. മത്സരം സമനിലയിലേക്ക് എന്ന് കരുതിയിരിക്കെ 98-ാം മിനിറ്റിൽ കാൻ അയ്ഹാൻ തുർക്കിയുടെ വിജയ ഗോൾ വലയിലെത്തിക്കുകയായിരുന്നു.
ടൂർണമെന്റിൽ നിന്ന് പുറത്തായ തുർക്കിക്ക് ഈ ജയം അഭിമാനപ്പോരാട്ടമായി. പരിക്കിൽ നിന്ന് മോചിതനായി ക്യാപ്റ്റൻ ക്രിസ്റ്റ്യൻ പുലിസിച്ച് തിരിച്ചെത്തിയത് യുഎസ്എയ്ക്ക് ആശ്വാസമാണ്. റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ യുഎസ്എ ബോസ്നിയ ആൻഡ് ഹെർസഗോവിനയെ നേരിടും.
Turkey gets consolation win in World Cup; Despite losing, USA enters knockout phase as group champions













