ന്യൂയോർക്കിൽ വാടക വർദ്ധനവ് മരവിപ്പിച്ചു; വാക്കുപാലിച്ച് മേയർ സൊഹ്റാൻ മാംദാനി

ന്യൂയോർക്ക്: യുഎസ് നഗരമായ ന്യൂയോർക്കിലെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് ആശ്വാസമേകി വാടക വർദ്ധനവ് മരവിപ്പിക്കാൻ സിറ്റി റെന്റ് ഗൈഡ്‌ലൈൻസ് ബോർഡ് തീരുമാനിച്ചു. നഗരത്തിലെ ഏകദേശം 10 ലക്ഷത്തോളം വരുന്ന വാടക-നിയന്ത്രിത അപ്പാർട്ട്മെൻ്റുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. തിരഞ്ഞെടുപ്പ് വേളയിൽ താൻ നൽകിയ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനം ചുരുങ്ങിയ കാലയളവിനുള്ളിൽ നടപ്പിലാക്കാൻ കഴിഞ്ഞത് പുതിയ മേയറായ സോഹ്റാൻ മാംദാനിക്ക് വലിയ രാഷ്ട്രീയ നേട്ടമായി.

ഭരണത്തിലേറി ഒരു മാസത്തിനുള്ളിൽ തന്നെ മേയർ മാംദാനി ബോർഡിൽ ഭൂരിപക്ഷം പ്രതിനിധികളെയും മാറ്റി നിയമിച്ചിരുന്നു. ഉയർന്ന ജീവിതച്ചെലവ് കാരണം ബുദ്ധിമുട്ടുന്ന ന്യൂയോർക്കുകാർക്ക് അടിയന്തര ആശ്വാസം നൽകാനാണ് ഈ നടപടിയെന്ന് മേയർ വ്യക്തമാക്കി. നഗരത്തിലെ ആകെ ഭവനങ്ങളുടെ 40 ശതമാനത്തോളം വരുന്ന ഈ അപ്പാർട്ട്മെൻ്റുകളിൽ ഏകദേശം 20 ലക്ഷത്തോളം ജനങ്ങളാണ് താമസിക്കുന്നത്. മുൻ മേയർ എറിക് ആഡംസിൻ്റെ കാലത്ത് കഴിഞ്ഞ വർഷം മൂന്ന് മുതൽ നാലര ശതമാനം വരെ വാടക കൂട്ടാൻ അനുമതി നൽകിയിരുന്നു.

അതേസമയം, ബോർഡിൻ്റെ തീരുമാനത്തിനെതിരെ റിയൽ എസ്റ്റേറ്റ് സംഘടനകളും കെട്ടിട ഉടമകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വാടക വർദ്ധനവ് തടയുന്നത് കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളെ ബാധിക്കുമെന്നും വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമെന്നും ന്യൂയോർക്ക് അപ്പാർട്ട്മെൻ്റ് അസോസിയേഷൻ സി.ഇ.ഒ കെന്നി ബർഗോസ് കുറ്റപ്പെടുത്തി. പല ഉടമകളും കടക്കെണിയിലാകാൻ ഇത് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

തീരുമാനത്തിൽ പ്രതിഷേധിച്ച് ബോർഡിലെ ലാൻഡ്‌ലോർഡ് പ്രതിനിധിയായ ക്രിസ്റ്റീന സ്മിത്ത് രാജി വെച്ചു. ബോർഡ് വസ്തുതകൾ പരിശോധിക്കാതെ രാഷ്ട്രീയ താല്പര്യങ്ങൾക്ക് വഴങ്ങിയാണ് തീരുമാനമെടുത്തതെന്ന് അവർ രാജിക്റ്റിൽ ആരോപിച്ചു. ഈ ഉത്തരവിനെതിരെ കെട്ടിട ഉടമകൾ ഉടൻ തന്നെ കോടതിയെ സമീപിക്കുമെന്നാണ് സൂചന.

താങ്ങാനാവുന്ന ഭവന നയം മുൻനിർത്തി അധികാരത്തിൽ വന്ന മാംദാനിക്ക് ഈ തീരുമാനം വലിയൊരു രാഷ്ട്രീയ വിജയമാണ്. അദ്ദേഹം പിന്തുണച്ച മൂന്ന് പുരോഗമന പ്രസ്ഥാന സ്ഥാനാർത്ഥികൾ ഡെമോക്രാറ്റിക് പാർട്ടിയിലെ പ്രമുഖരെ പരാജയപ്പെടുത്തി കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ ചരിത്രപരമായ വാടക മരവിപ്പിക്കലും വരുന്നത്. ഇതോടെ പാർട്ടിയിലെ ഒരു ശക്തനായ നേതാവായി മാംദാനി മാറിയിരിക്കുകയാണ്.

New York City Mayor Sohran Mandani freezes rent increases

More Stories from this section

family-dental
witywide