ഓണാഘോഷ പരിപാടിക്കിടെ കുട്ടികളെ അപകടാത്മകമായി ഉപയോഗിച്ച് ‘ചരടു പിന്നിക്കളി’ നടത്തിയ സംഭവത്തിൽ ബഹ്റൈൻ കേരളീയ സമാജം വിവാദത്തിൽ. പരിപാടിക്കിടെ കുട്ടികളെ കയറിൽ പിടിച്ച് ഉയരത്തിൽ നിർത്തി ദേഹത്ത് ചരട് പിന്നിയെടുക്കുന്ന രീതിയിലുള്ള പ്രകടനം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വലിയ വിമർശനം ഉയർന്നത്. നൃത്തം ചെയ്യുന്നതിനിടെ കുട്ടികൾ കയറിൽ തൂങ്ങിക്കിടക്കുന്നതും രക്ഷിതാക്കളുടെ ചുമലിൽ നിൽക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കളി തീരുന്നത് വരെ കുട്ടികളുടെ സുരക്ഷ അപകടത്തിലാക്കുന്ന രീതിയിൽ പരിപാടി സംഘടിപ്പിച്ചത് വലിയ പ്രതിഷേധിത്തിനിടയാക്കി.
വിമർശനം ശക്തമായതോടെ വിശദീകരണവുമായി ബഹ്റൈൻ കേരളീയ സമാജം ഭാരവാഹികൾ രംഗത്തെത്തി. വീഡിയോടെ ചില ഭാഗങ്ങൾ മാത്രം പ്രചരിപ്പിച്ചാണ് തെറ്റിദ്ധാരണ പരത്തുന്നതെന്നും, ചിട്ടയായ പരിശീലനത്തിനും രക്ഷിതാക്കളുടെ പൂർണ്ണ മേൽനോട്ടത്തിനും ശേഷമാണ് പരിപാടി അവതരിപ്പിച്ചതെന്നുമാണ് സമാജത്തിന്റെ വിശദീകരണം. പരിപാടി കണ്ടവർക്കോ പങ്കെടുത്ത കുട്ടികളുടെ മാതാപിതാക്കൾക്കോ യാതൊരു പരാതിയും ഇല്ലെന്നും, കഴിഞ്ഞ അഞ്ച് വർഷമായി ഈ പരിപാടി നടത്തിവരുന്നുണ്ടെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
എന്നാൽ കുട്ടികളെ ഒഴിവാക്കിത്തന്നെ പൂർത്തിയാക്കാവുന്ന ഒന്നാണ് ‘പിന്നൽ തിരുവാതിര’ അഥവാ ‘ചരടു പിന്നിക്കളി’ എന്ന കലാരൂപമെന്നിരിക്കെ, കുട്ടികളെ ഇത്തരം അപകടകരമായ അവസ്ഥയിൽ ഉൾപ്പെടുത്തിയത് എന്തിനാണെന്ന ചോദ്യം ശക്തമായി ഉയരുന്നുണ്ട്. സമാജം തന്നെ മുമ്പ് പങ്കുവെച്ച ഇതേ കളിയുടെ മറ്റു വീഡിയോകളിൽ കുട്ടികളെ ഉൾപ്പെടുത്തിയിരുന്നില്ലെന്ന കാര്യവും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Controversy Over ‘Charadu Pinnikkali’ Using Children: Bahrain Keraleeya Samajam Faces Criticism, Management Issues Clarification















