
വിയന്ന: ആണവ നിരായുധീകരണ കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെട്ട ഇറാനെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിന് മുന്നിലെത്തിക്കാൻ നീക്കം. യുണൈറ്റഡ് സ്റ്റേറ്റ്സ്, ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങൾ ചേർന്നാണ് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ ബോർഡ് ഓഫ് ഗവേണർമാരുടെ പരിഗണനയ്ക്കായി ഇത് സംബന്ധിച്ച കരട് പ്രമേയം തയ്യാറാക്കിയത്. ആണവ നിരോധന കരാർ പ്രകാരം തങ്ങളുടെ ആണവ സാമഗ്രികളും പ്രവർത്തനങ്ങളും ഏജൻസിയെ അറിയിക്കാനും അന്താരാഷ്ട്ര പരിശോധനകൾക്ക് അനുമതി നൽകാനും ഇറാൻ നിയമപരമായി ബാധ്യസ്ഥരാണ്.
എന്നാൽ ഈ വ്യവസ്ഥകൾ പാലിച്ച് ആണവ സാങ്കേതികവിദ്യ സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്താൻ ഇറാൻ തയ്യാറായിട്ടില്ലെന്ന് നയതന്ത്രജ്ഞർ വ്യക്തമാക്കുന്നു. 20 വർഷത്തിനിടെ ആദ്യമായി, ഇറാൻ ആണവ കരാറുകൾ ലംഘിച്ചതായി 2025 ജൂണിൽ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി ഔദ്യോഗികമായി കണ്ടെത്തുകയും ഇതിന് തൊട്ടുപിന്നാലെ അമേരിക്കയും ഇസ്രായേലും ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇറാനെ യുഎൻ സുരക്ഷാ കൗൺസിലിന് മുന്നിലേക്ക് എത്തിക്കാനുള്ള നീക്കങ്ങൾ സജീവമായത്. സുരക്ഷാ കൗൺസിലിന് വിഷയം കൈമാറുന്നതിലൂടെ ഇറാന് മേൽ കൂടുതൽ കടുത്ത സാമ്പത്തിക ഉപരോധങ്ങളും മറ്റ് നിയമപരമായ നിയന്ത്രണങ്ങളും ഏർപ്പെടുത്താൻ വഴിതുറക്കും.
എങ്കിലും, ഐക്യരാഷ്ട്രസഭയിൽ വിറ്റോ അധികാരമുള്ള റഷ്യ, ചൈന എന്നീ രാജ്യങ്ങൾ ഇറാന്റെ സഖ്യകക്ഷികളായതിനാൽ കടുത്ത ശിക്ഷാ നടപടികൾ സുരക്ഷാ കൗൺസിലിൽ പാസാക്കിയെടുക്കാൻ സാധിച്ചേക്കില്ല. നിലവിലുള്ള പ്രമേയവും മുൻപ് അംഗീകരിച്ച തീരുമാനങ്ങളും യുഎൻ സുരക്ഷാ കൗൺസിലിനും ജനറൽ അസംബ്ലിക്കും കൈമാറാൻ ആണവോർജ്ജ ഏജൻസി ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിയോട് ആവശ്യപ്പെടുന്നതാണ് തയാറാക്കിയ കരട് പ്രമേഹം. ഈ വിഷയം നിലവിൽ നയതന്ത്ര ചർച്ചകളിലാണെന്നും ഔദ്യോഗികമായി സമർപ്പിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിയന്നയിൽ നടക്കുന്ന അടുത്ത ആഴ്ചയിലെ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ യോഗത്തിൽ പ്രമേഹം വോട്ടെടുപ്പിന് വെച്ചേക്കും.














