
ഇറാന്റെ പ്രധാന ഇന്ധന കേന്ദ്രമായ ഖാർഗ് ദ്വീപിൽ നങ്കൂരമിട്ടിരുന്ന ഇറാന്റെ എണ്ണക്കപ്പലിന് നേരെ അമേരിക്കയുടെ ആക്രമണം. കപ്പലിന് നേരെ നാല് തവണ ആക്രമണമുണ്ടായെന്നും സംഭവത്തിൽ ആർക്കും അപായമില്ലെന്നും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, ആക്രമണം നടത്തിയത് സംബന്ധിച്ച് അമേരിക്കൻ സെൻട്രൽ കമാൻഡോ മറ്റ് ഏജൻസികളോ ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ല.
അമേരിക്കയുടെ സാമ്പത്തിക ഉപരോധങ്ങളെയും യുദ്ധ നീക്കങ്ങളെയും നേരിടാൻ കൃത്യമായ പദ്ധതികൾ തയ്യാറാണെന്ന് ഇറാന്റെ വൈസ് പ്രസിഡന്റ് അവകാശപ്പെട്ടു. മുൻപ് പ്രതിരോധത്തിലൂന്നിയ ആക്രമണങ്ങളായിരുന്നു നടത്തിയിരുന്നതെങ്കിൽ, ഇനി മുതൽ കടന്നാക്രമണം നടത്തുന്ന തരത്തിലേക്ക് സൈനിക സമീപനം മാറ്റിയതായി ഇറാൻ കരസേന പ്രഖ്യാപിച്ചു. ഇറാന്റെ ഭൂഗർഭ സൈനിക താവളമായ പിക്ക് ആക്സ് പർവ്വതനിര തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ഇറാന്റെ ഈ കടുത്ത നിലപാട്.
അതിനിടെ, പശ്ചിമേഷ്യൻ മേഖലയിലെ സുരക്ഷാ കാര്യങ്ങളിൽ അമേരിക്കയെ ഒഴിവാക്കണമെന്ന നിർദേശവുമായി ചൈന രംഗത്തെത്തി. മേഖലയിൽ സുരക്ഷ ഉറപ്പാക്കേണ്ടത് ഇവിടുത്തെ തന്നെ രാജ്യങ്ങളാണെന്നും അതിന് ആവശ്യമായ പിന്തുണ നൽകാൻ തങ്ങൾ തയ്യാറാണെന്നും ചൈന വ്യക്തമാക്കി. ചൈനയുടെ ഈ നിർദേശത്തെ സ്വാഗതം ചെയ്ത ഇറാൻ, മേഖലയിൽ നിന്ന് അമേരിക്കൻ സാന്നിധ്യം ഒഴിവാക്കുന്നതിൽ ഇരു രാജ്യങ്ങൾക്കും ഒരേ താൽപ്പര്യമാണുള്ളതെന്നും കൂട്ടിച്ചേർത്തു.
US Strikes Iranian Oil Tanker Near Kharg Island; Iran Shifts Strategy to Direct Attacks As China Proposes Regional Security Model















