നിർണായക പ്രതികരണവുമായി യുഎഇ, ഒപെക് വിടാനുള്ള തീരുമാനം തികച്ചും സ്വതന്ത്രം; വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകില്ലെന്ന് വിശദീകരണം

ദുബായ്: എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിൽ നിന്ന് പിന്മാറാനുള്ള യുഎഇയുടെ തീരുമാനം ആഗോള വിപണിയെ പെട്ടെന്ന് ബാധിക്കില്ലെന്ന് ഊർജ്ജ മന്ത്രി സുഹൈൽ അൽ മസ്‌റൂയി വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് നിലവിൽ അടഞ്ഞുകിടക്കുന്നതിനാലാണ് ഇത്തരമൊരു പ്രഖ്യാപനത്തിന് ഈ സമയം തിരഞ്ഞെടുത്തതെന്നും സിഎൻഎന്നിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി. വിതരണ പാതകളിൽ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഉൽപ്പാദനം വർദ്ധിപ്പിച്ചാലും വിപണിയിലെ വിലയെ അത് ഉടനടി ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ തീരുമാനത്തിന് പിന്നിൽ മറ്റ് രാജ്യങ്ങളുടെ സമ്മർദ്ദമോ രാഷ്ട്രീയ ലക്ഷ്യങ്ങളോ ഇല്ലെന്നും ഇത് യുഎഇയുടെ പരമാധികാര തീരുമാനമാണെന്നും മന്ത്രി വ്യക്തമാക്കി. സൗദി അറേബ്യയുമായി കൂടിയാലോചിച്ചാണോ ഈ നീക്കമെന്ന ചോദ്യത്തിന്, ഇത് പൂർണ്ണമായും രാജ്യത്തിന്റെ നയപരമായ തീരുമാനമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എണ്ണ വിപണിയിലെ മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് വേഗത്തിലും സ്വതന്ത്രമായും തീരുമാനങ്ങൾ എടുക്കാൻ ഒപെക്കിന് പുറത്തുവരുന്നത് തങ്ങളെ സഹായിക്കുമെന്ന് യുഎഇ കരുതുന്നു.

നിയന്ത്രണങ്ങളില്ലാതെ ആഗോള വിപണിയിൽ ഇടപെടാനാണ് രാജ്യം ആഗ്രഹിക്കുന്നത്. കൂടുതൽ ചടുലതയോടെയും വേഗത്തിലും നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ ഈ പിന്മാറ്റം അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. വിപണിയിലെ വില സമ്മർദ്ദം കുറയ്ക്കാനും തങ്ങളുടെ സൗഹൃദ രാജ്യങ്ങളെ സഹായിക്കാനും ഈ നീക്കം ഉപകരിക്കുമെന്നാണ് യുഎഇയുടെ വിലയിരുത്തൽ.

More Stories from this section

family-dental
witywide