എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും 2029 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഏകീകൃത സിവിൽ കോഡ് നടപ്പാക്കും, പ്രഖ്യാപിച്ച് അമിത് ഷാ

മുംബൈ: എൻ.ഡി.എ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും 2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഏകീകൃത സിവിൽ കോഡ് (യു.സി.സി) നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുംബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. നിലവിൽ ചില സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയിട്ടുണ്ടെന്നും വൈകാതെ എൻ.ഡി.എ ഭരണത്തിലുള്ള മറ്റുള്ള സംസ്ഥാനങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ദത്തെടുക്കൽ എന്നിവയിലടക്കം രാജ്യത്ത് ഒറ്റ നിയമം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ ഈ നീക്കം. ഒപ്പം രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിഞ്ഞ് പുറത്താക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുജീവിതത്തിലെ 25 വർഷത്തെ സേവനം പ്രമാണിച്ച് സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ ഒരുമാസം നീണ്ടുനിൽക്കുന്ന ‘സേവാ സങ്കൽപ്പ് അഭിയാൻ’ രാജ്യവ്യാപകമായി സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 2014-ൽ ഭരണത്തിലെത്തിയ ശേഷം ദീർഘകാലമായി നിലനിന്നിരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രവർത്തിച്ച നേതാവാണ് നരേന്ദ്ര മോദിയെന്ന് അമിത് ഷാ പറഞ്ഞു. ആർട്ടിക്കിൾ 370, നക്സലിസം, വടക്കുകിഴക്കൻ മേഖലയിലെ സ്ഥിതിഗതികൾ തുടങ്ങിയ ആഭ്യന്തര സുരക്ഷാ വെല്ലുവിളികൾ സർക്കാർ കാര്യക്ഷമമായി കൈകാര്യം ചെയ്തതും അദ്ദേഹം എടുത്തുപറഞ്ഞു.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തിരിച്ചടി നേരിട്ട അവസ്ഥയിൽ നിന്ന് ആദ്യ അഞ്ച് സ്ഥാനത്തേക്ക് ഉയർന്നുവെന്നും നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിൽ 7.8 ശതമാനം ജി.ഡി.പി വളർച്ച കൈവരിക്കാനായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാന ലോക സമ്പദ്‌വ്യവസ്ഥകളിൽ ഇന്ത്യ നിലവിൽ മുൻപന്തിയിലാണെന്നും വാർത്താസമ്മേളനത്തിൽ അമിത് ഷാ കൂട്ടിച്ചേർത്തു.

UCC Will Be Implemented in 21 NDA States Before 2029 Lok Sabha Polls, Says Amit Shah

More Stories from this section

family-dental
witywide