
ലണ്ടൻ: വായ്പ തിരിച്ചടവ് തർക്കവുമായി ബന്ധപ്പെട്ട സിവിൽ കേസിൽ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ യുകെ ഹൈക്കോടതിയുടെ നിർണായക വിധി. പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് പലിശയടക്കം 100 കോടിയിലധികം രൂപ (10.7 മില്യൺ ഡോളർ) നീരവ് മോദി തിരിച്ചടയ്ക്കണമെന്ന് ലണ്ടൻ സർക്യൂട്ട് കൊമേഴ്സ്യൽ കോടതി ഉത്തരവിട്ടു.
ദുബായ് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന നീരവ് മോദിയുടെ ‘ഫയർസ്റ്റാർ ഡയമണ്ട് എഫ്.സെഡ്.ഇ’ എന്ന കമ്പനി 2012-ൽ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് എടുത്ത വായ്പയുമായാണ് ഈ കേസ് ബന്ധപ്പെട്ടിരിക്കുന്നത്. ഈ വായ്പയ്ക്ക് 2013 ഓഗസ്റ്റിൽ നീരവ് മോദി വ്യക്തിഗത ജാമ്യം ഒപ്പിട്ടു നൽകിയിരുന്നു. കമ്പനി വായ്പ തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് ജാമ്യക്കാരൻ എന്ന നിലയിൽ തുക ഈടാക്കാൻ ബാങ്ക് യുകെ കോടതിയെ സമീപിച്ചത്. 4.1 മില്യൺ ഡോളർ അസൽ തുകയും അതിൻ്റെ പലിശയും നിയമനടപടികൾക്കായുള്ള ചെലവും ഉൾപ്പെടെയാണ് ആകെ തുക കണക്കാക്കിയിരിക്കുന്നത്.
ബാങ്ക് തനിക്ക് വായ്പ തിരിച്ചടയ്ക്കാനുള്ള നോട്ടീസുകൾ കൃത്യമായി നൽകിയില്ലെന്നും അതിനാൽ ഈ വ്യക്തിഗത ജാമ്യം നിയമപരമായി നിലനിൽക്കില്ലെന്നുമുള്ള നീരവ് മോദിയുടെ വാദങ്ങൾ കോടതി പൂർണ്ണമായി തള്ളി. ജസ്റ്റിസ് സൈമൺ ടിങ്ക്ലർ ആണ് കേസിൽ വിധി പ്രസ്താവിച്ചത്.
പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായി നിലവിൽ ലണ്ടനിലെ വാണ്ട്‌സ്‌വർത്ത് ജയിലിൽ കഴിയുന്ന നീരവ് മോദിയെ ഇന്ത്യയിലേക്ക് വിട്ടുകിട്ടാനുള്ള നിയമനടപടികൾ തുടരുന്നതിനിടയിലാണ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ലഭിച്ച ഈ സിവിൽ കോടതി വിധി വലിയ വിജയമായി മാറുന്നത്.
UK High Court’s landmark verdict against diamond merchant Nirav Modi in civil case related to loan repayment dispute













