ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണം: അവസാന ശ്രമവുമായി നീരവ് മോദി യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ; നടത്തിയത് 13,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ്

ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുകേസിലെ മുഖ്യപ്രതി നീരവ് മോദി തന്നെ ഇന്ത്യയ്ക്ക് കൈമാറുന്നത് ഒഴിവാക്കാൻ അവസാന നിയമപോരാട്ടവുമായി യൂറോപ്യൻ മനുഷ്യാവകാശ കോടതിയെ സമീപിച്ചു. ബ്രിട്ടീഷ് കോടതികളിൽ നിന്നുള്ള എല്ലാ അപ്പീൽ സാധ്യതകളും അവസാനിച്ച സാഹചര്യത്തിലാണ് സ്ട്രാസ്‌ബർഗ് ആസ്ഥാനമായുള്ള രാജ്യാന്തര കോടതിയിൽ നീരവ് മോദി അപേക്ഷ നൽകിയത്.

നീരവ് മോദിയുടെ അപേക്ഷ പരിഗണിച്ച കോടതി അദ്ദേഹത്തിന് ‘അജ്ഞാതത്വം’ അനുവദിച്ചിട്ടുണ്ട്. അതിനാൽ കേസിൻ്റെ വിചാരണാ നടപടികൾ രഹസ്യമായിരിക്കും. ഇന്ത്യയിലെ ജയിലുകളിലെ മോശം സാഹചര്യങ്ങൾ തൻ്റെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നും മനുഷ്യാവകാശ ലംഘനമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീൽ. എന്നാൽ നീരവ് മോദിക്ക് ജയിലിൽ എല്ലാ സുരക്ഷയും മെഡിക്കൽ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് ഇന്ത്യൻ സർക്കാർ കോടതിയെ അറിയിച്ചു.

നീരവ് മോദിയെ വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കാൻ സിബിഐ , എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ നിലവിൽ ലണ്ടനിലെത്തിയിട്ടുണ്ട്. യൂറോപ്യൻ മനുഷ്യാവകാശ കോടതി കൂടി ഈ അപേക്ഷ തള്ളിയാൽ നീരവ് മോദിയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായുള്ള എല്ലാ തടസ്സങ്ങളും നീങ്ങും. ഏകദേശം 13,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തി 2018-ലാണ് നീരവ് മോദി ഇന്ത്യ വിട്ടത്. നിലവിൽ ലണ്ടനിലെ വാൻഡ്‌സ്‌വർത്ത് ജയിലിൽ കഴിയുകയാണ് അദ്ദേഹം.

Nirav Modi makes last-ditch bid to block extradition to India at European Court of Human Rights

More Stories from this section

family-dental
witywide