
മോസ്കോ: യുദ്ധം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ വ്യോമാക്രമണങ്ങളിലൊന്നിൽ റഷ്യയിലെ വിവിധ ലക്ഷ്യങ്ങളിലേക്ക് യുക്രെയ്ൻ 800-ലധികം ഡ്രോണുകൾ തൊടുത്തുവിട്ടു. റഷ്യൻ അതിർത്തിക്കുള്ളിലെ റിഫൈനറികൾ, വ്യവസായശാലകൾ, വെയർഹൗസുകൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആക്രമണങ്ങളിൽ കുറഞ്ഞത് ആറുപേർ കൊല്ലപ്പെട്ടതായി റഷ്യൻ അധികൃതർ അറിയിച്ചു. റഷ്യൻ തദ്ദേശീയ ഇ-കോമേഴ്‌സ് ഭീമനായ ‘വൈൽഡ്ബെറീസിന്റെ’ മോസ്കോ മേഖലയിലെ പ്രധാന വെയർഹൗസിന് നേരെ ആക്രമണമുണ്ടാവുകയും അവിടെ വലിയ തീപിടുത്തമുണ്ടാകുകയും ചെയ്തു.
മോസ്കോ മേഖലയിൽ മാത്രം 187 ഡ്രോണുകൾ തകർത്തതായി ഗവർണർ ആന്ദ്രേ വൊറോബിയോവ് വ്യക്തമാക്കി. ഈ മേഖലയിൽ 83 വയസ്സുള്ള ഒരാൾ കൊല്ലപ്പെട്ടിട്ടുണ്ട്. റോസ്റ്റോവിൽ നടന്ന ആക്രമണങ്ങളിൽ അഞ്ചുപേർ കൊല്ലപ്പെട്ടതായി പ്രാദേശിക അധികൃതർ സ്ഥിരീകരിച്ചു. അതേസമയം, ഉക്രെയ്ൻ തലസ്ഥാനമായ കീവിന് നേരെ റഷ്യ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ തുടർന്നു. തലസ്ഥാനത്തുണ്ടായ ആക്രമണത്തിൽ ആറുപേർക്ക് പരിക്കേറ്റതായി ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി അറിയിച്ചു.
ക്രെമൻചുക്, ക്രിവി റിഹ്, സുമി എന്നീ നഗരങ്ങൾക്ക് നേരെയും റഷ്യ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 1550-ലധികം ആക്രമണ ഡ്രോണുകളും 62 മിസൈലുകളും റഷ്യ ഉക്രെയ്ന് നേരെ പ്രയോഗിച്ചതായി സെലെൻസ്കി ചൂണ്ടിക്കാട്ടി. റഷ്യയെ തടയാൻ യൂറോപ്യൻ രാജ്യങ്ങൾ വ്യോമപ്രതിരോധ സഹായം അടിയന്തരമായി നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഇതിനിടെ, യുക്രെയ്നുമായി അതിർത്തി പങ്കിടുന്ന റൊമാനിയൻ വ്യോമാതിർത്തിയിൽ പ്രവേശിച്ച തിരിച്ചറിയാത്ത ഒരു ഡ്രോൺ നാറ്റോയുടെ എയർ പട്രോളിംഗ് ദൗത്യത്തിലുണ്ടായിരുന്ന സ്പാനിഷ് എഫ്-18 പോർവിമാനം വെടിവെച്ചിട്ടതായി ബൂക്കാറെസ്റ്റിലെ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി.












