യുകെ പിടിച്ചെടുത്ത റഷ്യൻ കപ്പലിലെ ക്യാപ്റ്റനായ ഇന്ത്യക്കാരനെ രക്ഷപ്പെടുത്താൻ സഹായമഭ്യർത്ഥിച്ച് കുടുംബം

ലണ്ടൻ: യു.കെ ദിവസങ്ങൾക്ക് മുമ്പ് പിടിച്ചെടുത്ത റഷ്യൻ ഷാഡോ ഫ്ളീറ്റിൽ പെടുന്ന എണ്ണക്കപ്പലിലെ ക്യാപ്റ്റനായിരുന്ന ഉത്തരാഖണ്ഡ് നൈനിറ്റാൾ സ്വദേശിയുമായ അജയ് പന്ത് (38) ഉപരോധം ലംഘിച്ച് കപ്പലിൽ എണ്ണ കടത്തിയ കുറ്റത്തിന് അറസ്റ്റിലായതിനാൽ ഇയാളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം കേന്ദ്ര- സംസ്ഥാന സർക്കാരുകളെ സമീപിച്ചു. അജയ് പന്തിനെ മോചിപ്പിക്കുന്നതിനും തിരികെ കൊണ്ടുവരുന്നതിനും ആവശ്യമായ സഹായം നൽകണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം കേന്ദ്ര സർക്കാരിനെ സമീപിച്ചിരിക്കുന്നത്. വിഷയത്തിൽ ഉത്തരാഖണ്ഡ് സർക്കാർ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചു.

തന്റെ ഭർത്താവിന് 15 വർഷത്തെ കളങ്കമില്ലാത്ത ഔദ്യോഗിക ജീവിതമുണ്ടെന്നും അദ്ദേഹം തന്റെ ജോലി ചെയ്യുക മാത്രമാണ് ചെയ്ത‌തെന്നും ഭാര്യ റിതു പന്ത് പറഞ്ഞു. കമ്പനിയുടെ നിർദ്ദേശങ്ങൾ പാലിക്കുക മാത്രമാണ് അദ്ദേഹം ചെയ്‌തതെന്നും അതിനാൽ അദ്ദേഹം കുറ്റക്കാരനല്ലെന്നുമാണ് കുടുംബത്തിന്റെ നിലപാട്. അജയ് പന്തിന്റെ അറസ്റ്റ് വിവരം താൻ അറിഞ്ഞത് സോഷ്യൽ മീഡിയയിലെ ബ്രിട്ടീഷ് മാധ്യമ റിപ്പോർട്ടുകൾ വഴിയാണെന്നും, ഇന്ത്യൻ അധികൃതരിൽ നിന്ന് തനിക്ക് ഔദ്യോഗികമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും റിതു പന്ത് കൂട്ടിച്ചേർത്തു.

അതേസമയം, റഷ്യയ്ക്കെതിരായ ഉപരോധം ലംഘിച്ച് മൂന്നാം രാജ്യത്തേക്ക് എണ്ണ എത്തിക്കാൻ ശ്രമിച്ചു എന്നതാണ് അജയ് പന്തിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ജൂൺ 16-ന് സൗതാംപ്ടൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ അജയ് പന്തിനെ നിലവിൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. കേസിന്റെ അടുത്ത വാദം കേൾക്കൽ ജൂലൈ 16-ന് ബോൺമൗത്ത് ക്രൗൺ കോടതിയിൽ നടക്കും. കുറ്റം തെളിയിക്കപ്പെട്ടാൽ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. താൻ വെറുമൊരു ജീവനക്കാരൻ മാത്രമാണെന്നും കമ്പനിയുടെ നിർദ്ദേശങ്ങൾ പാലിക്കുക മാത്രമാണ് ചെയ്‌തതെന്നും അജയ് പന്തിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥർ പന്തിന് ആവശ്യമായ നിയമസഹായം നൽകുന്നുണ്ട്.

ജൂൺ 14-ന് അജയ് പന്ത് ക്യാപ്റ്റനായ എംവി സ്മിർട്ടോസ് എന്ന കപ്പൽ യുകെ സമുദ്രപരിധിയിൽ പ്രവേശിച്ചപ്പോഴാണ് റോയൽ മറീൻസും നാഷണൽ ക്രൈം ഏജൻസിയും ചേർന്ന് കപ്പൽ പിടിച്ചെടുത്തത്. ചിനൂക്ക് ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് രാത്രിയിലായിരുന്നു ഈ നീക്കം. ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമായിരുന്നു ഈ സൈനിക നീക്കം നടന്നത്. പിടിച്ചെടുത്ത സമയത്ത് കപ്പലിൽ ഒരു ലക്ഷം ടണ്ണിലധികം അസംസ്കൃത എണ്ണയുണ്ടായിരുന്നു. റഷ്യയിലെ ഉസ്റ്റ്-ലുഗ ടെർമിനലിൽ നിന്ന് ഗുജറാത്തിലെ സിക്ക തുറമുഖത്തേക്കായിരുന്നു കപ്പൽ യാത്ര തിരിച്ചിരുന്നത്. ഏതാണ്ട് 700-ഓളം കപ്പലുകൾ ഉൾപ്പെടുന്ന റഷ്യൻ ഷാഡോ ഫ്ളീറ്റിന്റെ ഭാഗമാണ് ഈ കപ്പലെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. കപ്പലിലുള്ള ഇന്ത്യക്കാരും ജോർജിയക്കാരും ഉൾപ്പെടെയുള്ള ജീവനക്കാർ നിരീക്ഷണത്തിലാണ്.

Family appeals for help to rescue Indian captain of Russian ship seized by UK

More Stories from this section

family-dental
witywide