യുക്രെയ്ന് ഡ്രോൺ നൽകിയാൽ വലിയ വില നൽകേണ്ടിവരും: യുകെയ്ക്ക് റഷ്യയുടെ ഭീഷണി, മോസ്കോ ലക്ഷ്യമാക്കി പാഞ്ഞത് 600 ഡ്രോണുകൾ

ലണ്ടൻ: യുക്രെയ്ന് അത്യാധുനിക ഡ്രോണുകൾ നൽകി സഹായിക്കുന്ന ബ്രിട്ടൻ്റെ നടപടിക്കെതിരെ കടുത്ത മുന്നറിയിപ്പുമായി റഷ്യ. ബ്രിട്ടൻ മനപ്പൂർവ്വം യുദ്ധം വഷളാക്കുകയാണെന്നും റഷ്യൻ മണ്ണിൽ നടക്കുന്ന ഭീകരാക്രമണങ്ങളുടെയും രക്തച്ചൊരിച്ചിലിൻ്റെയും നേരിട്ടുള്ള പങ്കാളിയാണ് യുകെയെന്നും റഷ്യൻ എംബസി ഔദ്യോഗിക പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി. ഈ ഇടപെടലുകൾക്ക് യുകെ വലിയ വില നൽകേണ്ടിവരുമെന്നും റഷ്യൻ വക്താക്കൾ മുന്നറിയിപ്പ് നൽകി.

ബ്രിട്ടീഷ് കമ്പനികൾ നിർമ്മിച്ച ഡ്രോണുകൾ ഉപയോഗിച്ച് റഷ്യൻ അതിർത്തിക്കുള്ളിലെ സൈനിക-വ്യവസായ കേന്ദ്രങ്ങളിൽ യുക്രെയ്ൻ വൻതോതിൽ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. റഷ്യയിലെ പ്രമുഖ ഓൺലൈൻ വ്യാപാര ശൃംഖലയായ ‘വൈൽഡ്ബെറീസ്’ കമ്പനിയുടെ പത്തിൽ ഏഴ് ലോജിസ്റ്റിക്സ് കേന്ദ്രങ്ങളും യുക്രെയ്ൻ തകർത്തു. ഈ ആക്രമണങ്ങളിലൂടെ റഷ്യയ്ക്ക് ഏകദേശം 35 ബില്യൺ പൗണ്ടിൻ്റെ (ഏകദേശം 3.7 ലക്ഷം കോടിയിലധികം ഇന്ത്യൻ രൂപ) സാമ്പത്തിക നഷ്ടം ഉണ്ടായതായാണ് റിപ്പോർട്ടുകൾ.

റഷ്യയുടെ ഭീഷണികൾക്ക് മുന്നിൽ വഴങ്ങില്ലെന്ന് ബ്രിട്ടൻ വ്യക്തമാക്കി. റഷ്യയുടെ നിയമവിരുദ്ധമായ അധിനിവേശത്തിനെതിരെ പ്രതിരോധിക്കാൻ ഉക്രൈന് ആവശ്യമായ എല്ലാ ഉപകരണങ്ങളും ഡ്രോണുകളും നൽകുന്നത് തുടരുമെന്ന് യുകെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.യുക്രെയ്ൻ്റെ സുരക്ഷയ്ക്കായി തങ്ങൾ എന്നും ഒപ്പമുണ്ടാകുമെന്നും യുകെ വക്താവ് കൂട്ടിച്ചേർത്തു.

വ്യാപകമായ വ്യോമാക്രമണം
കഴിഞ്ഞ ദിവസങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ അതിരൂക്ഷമായ വ്യോമാക്രമണങ്ങളാണ് നടന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ ഡ്രോൺ ആക്രമണങ്ങളിലൊന്നിൽ യുക്രെയ്ൻ റഷ്യയ്ക്ക് നേരെ 822 ഡ്രോണുകൾ തൊടുത്തുവിട്ടു. ഇതിൽ 600 എണ്ണവും റഷ്യൻ തലസ്ഥാനമായ മോസ്കോയെ ലക്ഷ്യമിട്ടായിരുന്നു. ഇതേസമയം റഷ്യ ഉക്രൈനിലും ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി. ഇരുപക്ഷത്തുമായി നിരവധി സാധാരണക്കാർ കൊല്ലപ്പെടുകയും കുട്ടികളടക്കം നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഏപ്രിലിൽ പതിനായിരക്കണക്കിന് ലോംഗ് റേഞ്ച് ഡ്രോണുകൾ യുക്രെയ്ന് നൽകുമെന്ന് യുകെ പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഇപ്പോൾ റഷ്യയെ കൂടുതൽ ചൊടിപ്പിച്ചിരിക്കുന്നത്.

Ukraine will pay a heavy price if it gives drones: Russia threatens UK, 600 drones rush towards Moscow

More Stories from this section

family-dental
witywide