
ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമൊത്ത് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി നടത്തിയ കൂടിക്കാഴ്ചയുടെ പുതിയ ചിത്രങ്ങൾ പുറത്തുവന്നത് രാഷ്ട്രീയ തലത്തിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നു. ഈ ചിത്രങ്ങൾ ആയുധമാക്കി കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, എൻ.സി.പി തുടങ്ങിയ പ്രതിപക്ഷ പാർട്ടികളിലെ പ്രമുഖ നേതാക്കളാണ് കേന്ദ്ര സർക്കാരിനെതിരെയും മന്ത്രി ഹർദീപ് സിങ് പുരിക്ക് എതിരേയും കടുത്ത വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു പ്രതിനിധി സംഘത്തിന്റെ ഭാഗമായി മാത്രമാണ് താൻ എപ്സ്റ്റീനെ കണ്ടിട്ടുള്ളതെന്ന മന്ത്രിയുടെ മുൻകാല വിശദീകരണത്തെ പ്രതിപക്ഷ നേതാക്കൾ ശക്തമായ ഭാഷയിലാണ് ചോദ്യം ചെയ്തിരിക്കുന്നത്.
എപ്സ്റ്റീനുമായി തനിച്ച് കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന മന്ത്രിയുടെ വാദത്തെ കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനാഥെ രൂക്ഷമായി വിമർശിച്ചു. ഇത്തരം വ്യക്തികളെയാണോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചുറ്റും നിർത്താൻ ഇഷ്ടപ്പെടുന്നതെന്ന് ചോദിച്ച അവർ, വലതുപക്ഷത്തിന് സ്ത്രീകളെ തുല്യരായി കാണാൻ കഴിയില്ലെന്നതിന്റെ തെളിവാണ് ഇതെന്നും കുറ്റപ്പെടുത്തി. ചിത്രങ്ങളിൽ ഒപ്പമുള്ള മറ്റ് പ്രതിനിധികൾ മേശയ്ക്കടിയിൽ ഒളിച്ചിരിക്കുകയാണോ എന്ന് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര പരിഹസിച്ചു. വിഷയം ഗൗരവമുള്ളതാണെന്നും മന്ത്രി ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും എൻ.സി.പി വക്താവ് അനീഷ് ഗവാണ്ടെയും ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ ആരോപണങ്ങൾക്ക് മറുപടിയുമായി ഹർദീപ് സിങ് പുരി ഇതിന് മുൻപ് തന്നെ രംഗത്തെത്തിയിരുന്നു. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ അംബാസഡർ സ്ഥാനം രാജിവെച്ച ശേഷം, ഇന്റർനാഷണൽ പീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കീഴിലുള്ള കമ്മീഷന്റെ പ്രതിനിധി സംഘത്തിന്റെ ഭാഗമായി ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രമാണ് താൻ എപ്സ്റ്റീനെ കണ്ടതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. 2017-ൽ കേന്ദ്ര മന്ത്രിസഭയിൽ ചേരുന്നതിന് മുൻപാണ് ഈ കൂടിക്കാഴ്ചകൾ നടന്നിട്ടുള്ളതെന്നും, എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിലെ മേധാവിയായിരുന്ന ടെർജെ റോഡ്-ലാർസൻ വഴിയാണ് എപ്സ്റ്റീനെ പരിചയപ്പെട്ടതെന്നും അദ്ദേഹം മുൻപ് വ്യക്തമാക്കിയിരുന്നു.
Unseen Photos of Union Minister Hardeep Singh Puri with Jeffrey Epstein Emerge; Opposition Demands Clarification














