യുഎസ് സേനയുടെ കരുത്തായ എഎച്ച്-64 അപ്പാഷെ അറ്റാക്ക് ഹെലികോപ്റ്ററുകൾ തുടരെ തകർന്നുവീഴുന്നു, കാരണം എന്ത്? സാങ്കേതിക തകരാർ വില്ലനാകുന്നു

വാഷിംഗ്ടൺ: അമേരിക്കൻ വ്യോമസേനയുടെ കരുത്തരായ എഎച്ച്-64 അപ്പാഷെ അറ്റാക്ക് ഹെലികോപ്റ്ററുകൾ ചരിത്രത്തിലില്ലാത്തവിധം ഉയർന്ന നിരക്കിൽ അപകടത്തിൽപ്പെടുന്നുണ്ടെന്ന് സൈനിക കണക്കുകൾ വിശകലനം ചെയ്തുള്ള റിപ്പോർട്ടുകൾ. ഹെലികോപ്റ്ററിന്റെ ട്രാൻസ്മിഷൻ സംവിധാനത്തിലുണ്ടാകുന്ന വ്യാപകമായ സാങ്കേതിക തകരാറുകളാണ് ഈ അപകടങ്ങൾക്ക് പിന്നിലെന്നാണ് സൂചന. ഒക്ടോബറിന് ശേഷം മാത്രം അഞ്ചോളം വൻ അപകടങ്ങളാണ് ഈ ഹെലികോപ്റ്റർ മോഡലിന് സംഭവിച്ചത്. ഈ മാസം ടെക്സാസിലുണ്ടായ അപകടത്തിൽ രണ്ട് സൈനികർ കൊല്ലപ്പെടുകയും വൻ കാട്ടുതീ പടരുകയും ചെയ്തതിനെ തുടർന്ന് അപ്പാഷെ പൈലറ്റുമാരുടെ പതിവ് പരിശീലന പറക്കലുകൾ നിർത്തിവെക്കാൻ സൈന്യം ഉത്തരവിട്ടിരുന്നു.

2011-ൽ അപ്പാഷെയുടെ പുതിയ പതിപ്പ് പുറത്തിറക്കിയതിന് ശേഷം വിമാന അപകടങ്ങളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ് 2026 സാമ്പത്തിക വർഷം നിലനിൽക്കുന്നത്. എന്നാൽ പശ്ചിമേഷ്യയിൽ സേവനമനുഷ്ഠിക്കുന്ന യൂണിറ്റുകൾക്ക് ഒഴികെ ഏർപ്പെടുത്തിയിരുന്ന ഈ പരിശീലന വിലക്ക് കഴിഞ്ഞ ബുധനാഴ്ചയോടെ പിൻവലിച്ചു. അപകടത്തിന്റെ ഭീകരത സൂചിപ്പിക്കുന്ന ‘ക്ലാസ് എ’ വിഭാഗത്തിൽപ്പെടുന്ന ദുരന്തങ്ങളാണ് ഈ വർഷം കൂടുതലായി റിപ്പോർട്ട് ചെയ്തത്. മരണങ്ങൾക്കോ, സ്ഥിരമായ വൈകല്യങ്ങൾക്കോ, വിമാനത്തിന്റെ നാശത്തിനോ അല്ലെങ്കിൽ 2.5 ദശലക്ഷം ഡോളറിലധികം സാമ്പത്തിക നഷ്ടത്തിനോ ഇടയാക്കുന്ന അപകടങ്ങളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്.

കഴിഞ്ഞ 2024 സാമ്പത്തിക വർഷത്തിൽ മാത്രം അൻപതോളം അപ്പാഷെ ഹെലികോപ്റ്ററുകൾ തകർന്നിരുന്നു. അന്ന് റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പരിശീലനത്തിന്റെ തീവ്രത കൂട്ടിയതും പൈലറ്റുമാരുടെ പരിചയക്കുറവും മൂലം സംഭവിച്ച മാനുഷിക പിഴവുകളാണ് അപകടത്തിന് കാരണമായി പറഞ്ഞതെങ്കിൽ, ഈ വർഷത്തെ തുടർച്ചയായ തകർച്ചയ്ക്ക് കാരണം വ്യക്തമല്ല. അപകടങ്ങളിൽ പകുതിയിലധികവും മാനുഷിക പിഴവ് മൂലമാണെന്ന് ഔദ്യോഗിക ഫ്ലൈറ്റ് സേഫ്റ്റി മാഗസിൻ വിലയിരുത്തുന്നുണ്ടെങ്കിലും, ഗുരുതരമായ ചില അപകടങ്ങൾക്ക് പിന്നിൽ യാന്ത്രിക തകരാറുകൾ തള്ളിക്കളയാനാകില്ലെന്ന് സൈനിക കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു.

More Stories from this section

family-dental
witywide