യുഎസ്-കാനഡ വ്യാപാരയുദ്ധം രൂക്ഷം; കാനഡയിൽ നിന്നുള്ള കാറുകൾക്ക് 50 ശതമാനം തീരുവയാക്കുമെന്ന് ട്രംപ്, തിരിച്ചടിക്കുമെന്ന് കാർണി

വാഷിങ്ടൺ: യുഎസും കാനഡയും തമ്മിലുള്ള വ്യാപാര തർക്കം രൂക്ഷമാകുന്നതിനിടെ കാനഡയിൽനിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കും വാഹന ഭാഗങ്ങൾക്കും തീരുവ വർധിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. നിലവിലെ 25 ശതമാനം തീരുവ 50 ശതമാനമാക്കി ഉയർത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. 2027 ജനുവരി 1 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്നാണ് പ്രഖ്യാപനം. കഴിഞ്ഞ വെള്ളിയാഴ്ച യുഎസ്-കാനഡ വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. അവസാനഘട്ടത്തിൽ ഇരുരാജ്യങ്ങളും പരസ്പരം അംഗീകരിക്കാനാകാത്ത ആവശ്യങ്ങൾ ഉന്നയിച്ചതോടെയാണ് ചർച്ചകൾ തകർന്നത്.

ട്രംപിന്റെ പുതിയ തീരുവ ഭീഷണി അപ്രതീക്ഷിതമല്ലെന്ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു. കാനഡയുടെ വാഹന വ്യവസായത്തെ തകർക്കാനാണ് യുഎസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ യുഎസ് ശരിയായ സമീപനത്തോടെ ചർച്ചയ്ക്ക് തയ്യാറായാൽ കാനഡയും ചർച്ച പുനരാരംഭിക്കാൻ തയ്യാറാണെന്നും കാർണി വ്യക്തമാക്കി. യുഎസ് ഏർപ്പെടുത്തുന്ന തീരുവയ്ക്ക് ‘ഡോളറിന് ഡോളർ’ അടിസ്ഥാനത്തിൽ തിരിച്ചടി നൽകുമെന്ന് കാർണി പ്രഖ്യാപിച്ചു.

സെപ്റ്റംബർ 8 മുതൽ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് കാനഡ തിരിച്ചടി തീരുവ ഏർപ്പെടുത്തും. സ്റ്റീൽ, ഇലക്ട്രോണിക്സ്, ഡയറി, വസ്ത്രങ്ങൾ തുടങ്ങിയ മേഖലകളിലെ യുഎസ് ഉൽപ്പന്നങ്ങൾ ഇതിൽ ഉൾപ്പെടും. വെള്ളിയാഴ്ചത്തെ സമയപരിധി അവസാനിച്ചതോടെ ഏകദേശം 20 ബില്യൺ ഡോളർ മൂല്യമുള്ള കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് 50 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു.

കാനഡയുടെ വാഹന വ്യവസായത്തെ തകർക്കാനുള്ള നീക്കം

അമേരിക്കൻ വിപണിയെ വലിയ തോതിൽ ആശ്രയിക്കുന്ന കാനഡയുടെ വാഹന വ്യവസായത്തിന് പുതിയ തീരുവ കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. അതേസമയം, കാനഡയിൽനിന്നുള്ള വാഹനങ്ങളും വാഹന ഭാഗങ്ങളും യുഎസ് വാഹന നിർമാണ ശൃംഖലയുമായി അടുത്ത ബന്ധമുള്ളതിനാൽ തീരുവ വർധന അമേരിക്കൻ കമ്പനികളെയും ഉപഭോക്താക്കളെയും ബാധിക്കാമെന്ന് വ്യവസായ മേഖല മുന്നറിയിപ്പ് നൽകി.

കാനഡയുടെ വാഹന വ്യവസായം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്ന ഒന്റാറിയോ പ്രവിശ്യയുടെ മുഖ്യമന്ത്രി ഡഗ് ഫോർഡ് ട്രംപിന്റെ നടപടിക്കെതിരെ രൂക്ഷമായി പ്രതികരിച്ചു. അമേരിക്കയിലേക്കുള്ള എണ്ണ, പ്രകൃതിവാതകം, വൈദ്യുതി, നിർണായക ധാതുക്കൾ എന്നിവയ്ക്ക് അധിക നിരക്ക് ഈടാക്കുന്നതുൾപ്പെടെയുള്ള തിരിച്ചടി നടപടികൾ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫോർഡിന്റെ പരാമർശത്തിനെതിരെ ട്രംപും രൂക്ഷമായി പ്രതികരിച്ചു. കാനഡ യുഎസുമായി വ്യാപാരബന്ധത്തിൽ കൂടുതൽ വിട്ടുവീഴ്ച ചെയ്യണമെന്നും ഇല്ലെങ്കിൽ കൂടുതൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ തമ്മിലുള്ള USMCA വ്യാപാര കരാറിന്റെ ഭാവിയെയും വ്യാപാരയുദ്ധം ബാധിക്കുമെന്ന ആശങ്ക ശക്തമായി. കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് മൂന്നു രാജ്യങ്ങൾക്കിടയിലും അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുകയാണ്.

വ്യാപാര സംഘർഷം കൂടുതൽ രൂക്ഷമായാൽ വടക്കേ അമേരിക്കയിലെ വിതരണ ശൃംഖലകളെ ബാധിക്കുകയും ഇരുരാജ്യങ്ങളിലെയും കമ്പനികൾക്കും ഉപഭോക്താക്കൾക്കും ചെലവ് വർധിക്കുകയും ചെയ്യുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകി. വ്യാപാരബന്ധത്തിലെ പുതിയ ഏറ്റുമുട്ടൽ ഇരുരാജ്യങ്ങളുടെയും സാമ്പത്തിക ബന്ധത്തെ കൂടുതൽ സമ്മർദത്തിലാക്കുകയാണ്

US-Canada trade war escalates as Trump threatens tariff hike on autos after Carney vows to retaliate

More Stories from this section

family-dental
witywide