
ബീജിങ്: യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ചൈനീസ് സന്ദർശനത്തിനിടെ അമേരിക്കൻ പ്രതിനിധി സംഘത്തിന് കടുത്ത ‘ഡിജിറ്റൽ ലോക്ക്ഡൗൺ’ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി റിപ്പോർട്ട്. ചൈനീസ് സർക്കാരിൻ്റെ ഭാഗത്തുനിന്നുള്ള നിരീക്ഷണവും വിവരച്ചോർച്ചയും തടയാനാണ് ഈ മുൻകരുതൽ. ഇലോൺ മസ്ക്, ജെൻസൻ ഹുവാങ് ഉൾപ്പെടെയുള്ള പ്രമുഖ വ്യവസായികളും നിരവധി ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് ട്രംപിൻ്റെ സംഘം. ഫോക്സ് ന്യൂസ് ആണ് വാർത്ത പുറത്തുവിട്ടത്.
ട്രംപിനൊപ്പമുള്ള ഉദ്യോഗസ്ഥർ തങ്ങളുടെ വ്യക്തിഗത ഫോണുകളും ലാപ്ടോപ്പുകളും യുഎസിൽ തന്നെ വെച്ചാണ് യാത്ര പുറപ്പെട്ടത്. പകരം കർശന സുരക്ഷാ നിയന്ത്രണങ്ങളുള്ള താത്കാലിക ഉപകരണങ്ങളാണ് ഇവർ ചൈനയിൽ ഉപയോഗിക്കുന്നത്. ചൈനയിലേക്ക് കൊണ്ടുപോകുന്ന ഫോണുകൾ, ലാപ്ടോപ്പുകൾ, ടാബ്‌ലെറ്റുകൾ എന്നിവയും അവിടുത്തെ ഹോട്ടൽ വൈ-ഫൈ ശൃംഖലകളും ചോർത്തപ്പെടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് നടപടി. ചൈന ഒരു ‘കൂട്ട നിരീക്ഷണ രാജ്യമാണെന്ന്’ മുൻ യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. ഡിജിറ്റൽ നിയന്ത്രണങ്ങൾ കാരണം ഉദ്യോഗസ്ഥർക്ക് അവരുടെ സ്ഥിരം കോൺടാക്റ്റുകളോ ക്ലൗഡ് സംവിധാനങ്ങളോ ഉപയോഗിക്കാൻ കഴിയുന്നില്ല. പല സന്ദേശങ്ങളും നേരിട്ടോ അതീവ സുരക്ഷിതമായ ചാനലുകൾ വഴിയോ ആണ് കൈമാറുന്നത്. യുഎസ് പ്രതിനിധികൾ ചൈനയിലെ പൊതു യുഎസ്ബി (USB) പോർട്ടുകളോ ചാർജിങ് സ്റ്റേഷനുകളോ ഉപയോഗിക്കരുതെന്നും നിർദ്ദേശമുണ്ട്. ‘ജ്യൂസ് ജാക്കിങ്’ വഴി വിവരങ്ങൾ മോഷ്ടിക്കപ്പെടാനുള്ള സാധ്യത ഒഴിവാക്കാനാണിത്. യാത്രയ്ക്ക് മുൻപും ശേഷവും പരിശോധിക്കാൻ സാധിക്കുന്ന പ്രത്യേക ‘ഗോൾഡൻ ഇമേജ്’ ഉപകരണങ്ങളും ചില ഉദ്യോഗസ്ഥരുടെ പക്കലുണ്ട്.
അതേസമയം, യുഎസിൻ്റെ നിരീക്ഷണ ആരോപണങ്ങൾ ചൈന നിഷേധിച്ചു. ചൈനയിൽ വ്യക്തിഗത സ്വകാര്യത നിയമപരമായി സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ചൈനീസ് എംബസി വക്താവ് ലിയു പെൻഗ്യു വ്യക്തമാക്കി. നിയമവിരുദ്ധമായി വിവരങ്ങൾ ശേഖരിക്കാൻ ചൈനീസ് സർക്കാർ ആരോടും ആവശ്യപ്പെടാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൈബർ സുരക്ഷയെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ റിപ്പോർട്ട് വന്നിരിക്കുന്നത്.
US envoys face ‘digital lockdown’ in China; Trump and team put away phones and laptops















