
ഫുട്ബോൾ ലോകകപ്പിൽ മത്സരിക്കുന്ന ഇറാൻ ടീമിന് മുന്നിൽ കടുത്ത നിബന്ധനകളുമായി അമേരിക്കൻ ഭരണകൂടം രംഗത്ത്. മത്സരദിവസം രാവിലെ മാത്രമേ ഇറാൻ ടീമിന് അമേരിക്കയിൽ പ്രവേശിക്കാൻ അനുമതി നൽകൂ എന്ന് യു.എസ്. വ്യക്തമാക്കിയതായി മെക്സിക്കോയിലെ ഇറാൻ അംബാസഡർ അറിയിച്ചു. മാത്രമല്ല, മത്സരം കഴിഞ്ഞയുടൻ തന്നെ ടീം അമേരിക്കയിൽ നിന്ന് മടങ്ങണമെന്നും കർശന നിർദ്ദേശമുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കടുത്ത എതിർപ്പിനെത്തുടർന്ന് യു.എസ്. സംസ്ഥാനമായ അരിസോണയിൽ ക്യാമ്പ് ചെയ്യാനിരുന്ന ഇറാൻ ടീം നിലവിൽ മെക്സിക്കോയിലേക്ക് ബേസ് ക്യാമ്പ് മാറ്റിയിരിക്കുകയാണ്. ഇവിടെ നിന്നാകും താരങ്ങൾ മത്സരങ്ങൾക്കായി അമേരിക്കയിലേക്ക് യാത്ര തിരിക്കുക.
ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ഇറാന്റെ മൂന്ന് മത്സരങ്ങളും അമേരിക്കയിലാണ് നടക്കേണ്ടത്. ഇറാൻ താരങ്ങൾക്ക് വിസ അനുവദിക്കുമെന്ന് കഴിഞ്ഞ ദിവസം അമേരിക്ക അറിയിച്ചിരുന്നെങ്കിലും, യാത്രാ നിയന്ത്രണങ്ങളിലെ കടുപ്പം ടീമിന്റെ മുന്നൊരുക്കങ്ങളെ പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ. വ്യത്യസ്ത ഗ്രൂപ്പുകളിലാണ് ഇരുരാജ്യങ്ങളും മത്സരിക്കുന്നതെങ്കിലും, രണ്ട് ടീമുകളും അതത് ഗ്രൂപ്പുകളിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്താൽ പ്രീ ക്വാർട്ടറിൽ നേർക്കുനേർ വരുന്ന രീതിയിലാണ് നിലവിലെ മത്സരക്രമം.
അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന കടുത്ത രാഷ്ട്രീയ-സൈനിക അസ്വാരസ്യങ്ങളാണ് ഇപ്പോൾ കായികരംഗത്തേക്കും പടർന്നിരിക്കുന്നത്. സുരക്ഷാ കാരണങ്ങളും രാഷ്ട്രീയ നിലപാടുകളും മുൻനിർത്തിയാണ് ട്രംപ് ഭരണകൂടം ഇറാൻ ടീമിന് മേൽ ഇത്തരം അസാധാരണ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. മെക്സിക്കോയിൽ തങ്ങി കടുത്ത നിബന്ധനകളോടെ ലോകകപ്പ് കളിക്കേണ്ടി വരുന്നത് ഇറാൻ ടീമിന് വലിയ വെല്ലുവിളിയാകും ഉയർത്തുക.
US Imposes Strict Curbs on Iran Football Team; Allowed Entry Only on Match Days











