
മിയാമി: യുക്രൈനിലെ റഷ്യൻ അധിനിവേശം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ സജീവമാക്കാൻ യുക്രൈൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി റസ്റ്റം ഉമറോവ് അമേരിക്കൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നു. സ്റ്റീവ് വിറ്റ്‌കോഫ്, ജാരെഡ് കുഷ്നർ എന്നിവരുമായാണ് മിയാമിയിൽ വെച്ച് അദ്ദേഹം ചർച്ചകൾ നടത്തുന്നത്. നിലവിൽ അമേരിക്കയുടെ ശ്രദ്ധ ഇറാനുമായുള്ള സംഘർഷത്തിലേക്ക് മാറിയ സാഹചര്യത്തിൽ, യുക്രൈൻ യുദ്ധത്തിന് മുൻഗണന തിരികെ നൽകാനുള്ള ശ്രമത്തിലാണ് യുക്രേനിയൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി.യുഎസ് പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഉമറോവിന് പ്രത്യേക നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് സെലൻസ്‌കി എക്‌സിലൂടെ അറിയിച്ചു. നയതന്ത്ര പ്രക്രിയകൾക്ക് വേഗത കൂട്ടുകയാണ് ഇന്നത്തെ ചർച്ചകളുടെ പ്രധാന ലക്ഷ്യം. കഴിഞ്ഞ മാർച്ചിലും ഇതേ സംഘം മിയാമിയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.
മധ്യസ്ഥ ചർച്ചകളിൽ നിർണ്ണായക സ്വാധീനമുള്ള വിറ്റ്‌കോഫും കുഷ്നറും നേരത്തെ റഷ്യൻ പ്രതിനിധി കിറിൽ ദിമിത്രിയുമായും ചർച്ചകൾ നടത്തിയിരുന്നു.നിലവിൽ ഡോണെസ്ക് മേഖലയിലെ വിട്ടുവീഴ്ചകളെച്ചൊല്ലിയാണ് സമാധാന ചർച്ചകൾ വഴിമുട്ടി നിൽക്കുന്നത്. റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങളിൽ നിന്ന് യുക്രൈൻ സൈന്യം പിൻവാങ്ങണമെന്ന മോസ്കോയുടെ ആവശ്യം കൈവ് തള്ളിക്കളഞ്ഞു.
റഷ്യൻ സേനയുടെ വിജയദിന പരേഡ് പ്രമാണിച്ച് റഷ്യ പ്രഖ്യാപിച്ച വെടിനിർത്തൽ യുക്രൈൻ തള്ളിയതും ഇതിനിടെ സംഘർഷം വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ അമേരിക്കയുടെ ശക്തമായ ഇടപെടൽ ഉണ്ടെങ്കിൽ മാത്രമേ സമാധാന നീക്കങ്ങളിൽ പുരോഗതി ഉണ്ടാവുകയുള്ളൂ എന്നാണ് യുക്രൈന്റെ വിലയിരുത്തൽ.












