ടെഹ്റാൻ: പാകിസ്‌താൻ്റെ മധ്യസ്ഥതയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനായി നിർണായക സമാധാന ചർച്ചകൾ തുടരുന്നു. പാകിസ്താൻ ആഭ്യന്തര മന്ത്രി സയ്യിദ് മുഹ്സിൻ നഖ്വി വെള്ളിയാഴ്‌ച ഇറാനിയൻ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയുമായി ചർച്ച നടത്തി. അമേരിക്കയുടെ ഏറ്റവും പുതിയ നിർദ്ദേശം ഇറാനിയൻ ഉദ്യോഗസ്ഥരുമായി പങ്കുവെക്കുന്നതിനായി ഇക്കഴിഞ്ഞ ചൊവ്വാഴ്ചയും നഖ്‌വി ടെഹ്റാൻ സന്ദർശിച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കാനായി സയ്യിദ് മുഹ്സിൻ നഖ്‌വി കാര്യമായി ശ്രമം നടത്തുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്. നഖ്‌വി ‘ഷട്ടിൽ ഡിപ്ലോമസി’യിലൂടെ ശ്രമിക്കുകയാണെന്നാണ് ഇസ്‌ന (ISNA) വാർത്താ ഏജൻസിയുടെ റിപ്പോർട്ട് ചെയ്യുന്നത്.
ഇറാൻ്റെ നിർദ്ദേശം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച നിരസിച്ചതിനെ തുടർന്നാണ് നഖ്വി അമേരിക്കയുടെ ഏറ്റവും പുതിയ നിർദ്ദേശവുമായി ഇറാനിലെത്തിയത്. ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം, ഇറാന്റെ യുറേനിയം ശേഖരം എന്നീ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ ഇപ്പോഴും തർക്കങ്ങൾ നിലനിൽക്കുകയാണ്.പാകിസ്താൻ സൈനിക മേധാവി ജനറൽ അസിം മുനീർ ചർച്ചകൾക്കായി ടെഹ്റാനിലെത്തിയപ്പോൾ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന്റെ ആണവപദ്ധതികൾക്കെതിരെ കർശന മുന്നറിയിപ്പ് നൽകിയതായാണ് വിവരം.
യുദ്ധം കാരണം എണ്ണവില വർദ്ധിക്കുകയും ആഗോള സമ്പദ്‌വ്യവസ്ഥ വെല്ലുവിളി നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ, അറബ് രാജ്യങ്ങൾ സമാധാനത്തിനായി സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. തായ് വാനിലേക്കുള്ള ആയുധ വിതരണം അമേരിക്ക താൽക്കാലികമായി നിർത്തിവെച്ചതും ഇസ്രയേൽ നേരിടുന്ന സുരക്ഷാ ഭീഷണികളും ഇറാനിലെ സംഘർഷത്തിന് ആഴം കൂട്ടുകയാണ്. അതുകൊണ്ടുതന്നെ വളരെ പ്രതീക്ഷയോടെയാണ് പാകിസ്‌താന്റെ മധ്യസ്ഥശ്രമങ്ങളെ കാണുന്നത്.
US-Iran war; Crucial peace talks continue under Pakistan’s mediation, world hopeful














