
വാഷിംഗ്ടൺ: ഇറാൻ തുറമുഖങ്ങളിലേക്കുള്ള ചരക്ക് നീക്കം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അമേരിക്ക പ്രഖ്യാപിച്ച നാവിക ഉപരോധം കർശനമായി തുടരുന്നു. ഉപരോധം ലംഘിച്ച് മുന്നോട്ട് പോകാൻ ശ്രമിച്ച ആറ് വാണിജ്യ കപ്പലുകൾ അമേരിക്കൻ നാവികസേനയുടെ നിർദ്ദേശത്തെത്തുടർന്ന് യാത്ര അവസാനിപ്പിച്ച് ഇറാൻ തുറമുഖങ്ങളിലേക്ക് തന്നെ മടങ്ങിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ആദ്യ 24 മണിക്കൂറിനുള്ളിൽ ഒരൊറ്റ കപ്പൽ പോലും അമേരിക്കൻ ഉപരോധം മറികടന്ന് ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടില്ലെന്നും ഔദ്യോഗിക പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.
പതിനായിരത്തിലധികം അമേരിക്കൻ സൈനികരും പന്ത്രണ്ടോളം യുദ്ധക്കപ്പലുകളും നേരിട്ടാണ് ഈ ഉപരോധത്തിന് നേതൃത്വം നൽകുന്നത്. ഇറാൻ തീരങ്ങളിലേക്ക് വരുന്നതും അവിടെനിന്ന് പോകുന്നതുമായ എല്ലാ രാജ്യങ്ങളുടെയും കപ്പലുകൾക്ക് ഈ നിയന്ത്രണം ബാധകമാണ്. അതേസമയം, ഹോർമുസ് കടലിടുക്കിലൂടെയുള്ള മറ്റ് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് തടസ്സമില്ലെന്ന് അമേരിക്ക വ്യക്തമാക്കി.
ഇറാൻ തുറമുഖങ്ങളുമായി ബന്ധമില്ലാത്ത കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാമെന്ന് നാവികസേന സന്ദേശം നൽകുന്നുണ്ട്. കടലിടുക്കിലൂടെ സുരക്ഷിതമായ പാതയുണ്ടെന്ന് തെളിയിക്കുന്നതിനായി കഴിഞ്ഞ വാരാന്ത്യത്തിൽ അമേരിക്കൻ വിനാശകാരി കപ്പലുകൾ ഈ മേഖലയിലൂടെ സഞ്ചരിച്ചിരുന്നു. മേഖലയിലെ കപ്പൽ ഗതാഗതം പൂർണ്ണമായി തടസ്സപ്പെടുത്തിയിട്ടില്ലെന്നും ഇറാന്റെ തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള നീക്കം മാത്രമാണിതെന്നും അമേരിക്കൻ ഉദ്യോഗസ്ഥർ സി.എൻ.എന്നിനോട് പ്രതികരിച്ചു.













