ഹോർമുസ് കടലിടുക്കിൽ യുഎസിന് പൂർണ്ണ നിയന്ത്രണമെന്ന് വീണ്ടും ട്രംപ്; ഇറാൻ്റെ സമ്പദ്‌വ്യവസ്ഥ തകർച്ചയിലെന്നും പരിഹാസം

വാഷിംഗ്ടൺ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ അമേരിക്കയ്ക്ക് ഏതാണ്ട് പൂർണ്ണ നിയന്ത്രണമുണ്ടെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനെ വീണ്ടും ചർച്ചാ മേശയിലേക്ക് കൊണ്ടുവരാൻ വാഷിംഗ്ടൺ പുതിയ കരാറിന് ശ്രമിക്കുകയാണെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു. ഇറാനുമായി പുതിയൊരു കരാറിന് താൻ ശ്രമിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.

തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ പങ്കുവെച്ച കുറിപ്പിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. “ഹോർമുസ് കടലിടുക്കിൻ്റെ ഏതാണ്ട് പൂർണ്ണമായ നിയന്ത്രണവും, ഇറാൻ്റെ സമ്പദ്‌വ്യവസ്ഥയുടെ പൂർണ്ണമായ തകർച്ചയും നിലനിൽക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിലാണ് അമേരിക്കയ്ക്ക് കൂടുതൽ താല്പര്യം,” ട്രംപ് കുറിച്ചു.

ഇറാൻ ഭരണകൂടം ഒഴിവാക്കാനാകാത്ത പതനത്തെയാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനൊപ്പം, “ഇറാനിലെ ജനങ്ങൾ എപ്പോഴാണ് ഭരണകൂടത്തിനെതിരെ എഴുന്നേറ്റു നിന്ന് പോരാടാൻ പോകുന്നത്?” എന്നും ട്രംപ് തൻ്റെ കുറിപ്പിലൂടെ ചോദ്യമുന്നയിച്ചു.

ഹോർമുസ് കടലിടുക്കിന് ചുറ്റുമുള്ള ഇറാന്റെ പ്രതിരോധ സംവിധാനങ്ങൾ ലക്ഷ്യമിട്ട് യുഎസ് ആക്രമണം നടത്തിയിരുന്നു. കപ്പൽ പാതയിൽ രണ്ട് എണ്ണ ടാങ്കറുകൾ ആക്രമിക്കപ്പെട്ടതിനെത്തുടർന്നാണ് യുഎസ് ആക്രമണം. തുടർന്ന് ഇറാനും യുഎസ് താവളങ്ങൾ ലക്ഷ്യമാക്കി ആക്രമണങ്ങൾ നടത്തി. ഹോർമുസ് കടലിടുക്കിൽ പരിമിതമായ ആക്രമണങ്ങൾ നടത്താൻ യുഎസ് പ്രസിഡന്റ് ആലോചിക്കുന്നതായുള്ള റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ഈ ആക്രമണങ്ങൾ നടന്നത്. ഇതോടെ ഗൾഫ് മേഖലയടക്കം അതീവ ജാഗ്രതയിലാണ്.

Trump again says US has complete control over the Strait of Hormuz; mocks Iran’s economy as collapsing

More Stories from this section

family-dental
witywide