പാലക്കാട് ജ്വല്ലറിയിൽ വൻ കവർച്ച; ജീവനക്കാർക്ക് നേരെ വെടിയുതിർത്ത് നാലംഗ സംഘം 20 പവൻ കവർന്നു, സ്റ്റൂൾകൊണ്ട് ചെറുത്ത് ജീവനക്കാരി

പെരുങ്ങോട്ടുകുറിശി: ജീവനക്കാർക്ക് നേരെ വെടിയുതിർത്ത ശേഷം നാലംഗ സംഘം ജ്വല്ലറിയിൽ നിന്ന് 20 പവൻ സ്വർണം കവർന്നു. പാലക്കാട് പെരുങ്ങോട്ടുകുറിശിയിലെ ഇഷാൻ ജ്വല്ലറിയിൽ ഉച്ചയ്ക്ക് 2.30-നാണ് സംഭവം. കവർച്ചയ്ക്ക് ശേഷം തിരുവില്വാമല ഭാഗത്തേക്ക് കാറിൽ രക്ഷപ്പെട്ട സംഘത്തിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.

ഉടമ സനാദിന്റെ വീടിനോടു ചേർന്ന് പ്രവർത്തിക്കുന്ന ജ്വല്ലറിയിൽ സനാദും ജീവനക്കാരും കടയുടെ പിന്നിൽ ഭക്ഷണം കഴിക്കുമ്പോഴാണ് സംഘം എത്തിയത്. ഈ സമയം സനാദിന്റെ ഭാര്യ ദിവ്യയും മറ്റൊരു ജീവനക്കാരിയും മാത്രമാണ് കൗണ്ടറിൽ ഉണ്ടായിരുന്നത്. നാലംഗ സംഘത്തിലെ ഡ്രൈവർ കാറിലിരിക്കുകയും മറ്റ് മൂന്ന് പേർ ജ്വല്ലറിക്കുള്ളിൽ കയറി സ്വർണമാല ആവശ്യപ്പെടുകയുമായിരുന്നു.

മാല എടുക്കുന്നതിനിടെ സംഘം തോക്ക് പുറത്തെടുക്കുകയും രണ്ട് പേർ കത്തി വീശി ഭീഷണിപ്പെടുത്തുകയും ചെയ്തു. അലമാരയിൽ നിന്ന് ആഭരണങ്ങളുടെ പെട്ടി എടുത്ത സംഘത്തെ ദിവ്യയും ജീവനക്കാരിയും സ്റ്റൂളും മറ്റും ഉപയോഗിച്ച് ചെറുക്കാൻ ശ്രമിച്ചതോടെ ഇവർ വെടിയുതിർത്തു. സനാദും മറ്റുള്ളവരും ഓടിയെത്തിയപ്പോഴേക്കും കവർച്ചാ സംഘം കാറിൽ രക്ഷപ്പെട്ടിരുന്നു. സംഘാംഗങ്ങൾ ഹിന്ദിയാണ് സംസാരിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.

Major jewellery heist in Palakkad: Four-member gang opens fire at staff, flees with 20 sovereigns after brave resistance by employees

More Stories from this section

family-dental
witywide