‘നിർബന്ധിത തൊഴിൽ’ ചൂണ്ടിക്കാട്ടി ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് യു.എസിൻ്റെ നികുതി ഭീഷണി

വാഷിംഗ്ടൺ/ന്യൂഡൽഹി: നിർബന്ധിത തൊഴിലിനെതിരെ കർശന നടപടി സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് ആരോപിച്ച് ഇന്ത്യയുൾപ്പെടെയുള്ള അറുപതിലധികം വ്യാപാര പങ്കാളികൾക്ക് മേൽ പുതിയ നികുതി ചുമത്താൻ അമേരിക്ക ഒരുങ്ങുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റപ്രസന്റേറ്റീവ് സമർപ്പിച്ച പുതിയ റിപ്പോർട്ടിലാണ് 10 ശതമാനം മുതൽ 12.5 ശതമാനം വരെ അധിക നികുതി ചുമത്താൻ നിർദ്ദേശിച്ചിരിക്കുന്നത്. സുപ്രീം കോടതിയിൽ നിന്നേറ്റ നിയമപരമായ തിരിച്ചടികൾക്ക് ശേഷം ട്രംപ് ഭരണകൂടം തങ്ങളുടെ നികുതി അജണ്ട ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

റിപ്പോർട്ട് പ്രകാരം നിർബന്ധിത തൊഴിലിലൂടെ ഉത്പാദിപ്പിക്കുന്ന വസ്തുക്കളുടെ ഇറക്കുമതി നിരോധനം ഫലപ്രദമായി നടപ്പാക്കാത്തതിന് കാനഡ, മെക്സിക്കോ, തായ്‌വാൻ, യുകെ എന്നീ രാജ്യങ്ങൾക്ക് 10 ശതമാനവും; ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ബ്രസീൽ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങൾക്ക് 12.5 ശതമാനവും അധിക നികുതിയാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഇന്ത്യ, ചൈന, റഷ്യ, സൗദി അറേബ്യ അടക്കം 54 രാജ്യങ്ങൾ നിയമം നടപ്പാക്കുന്നതിൽ പൂർണ്ണമായി പരാജയപ്പെട്ടതായും കാനഡ, പാകിസ്ഥാൻ, ഇ.യു അടക്കം 6 രാജ്യങ്ങൾ ഫലപ്രദമായ നടപടി സ്വീകരിച്ചില്ലെന്നും യു.എസ് ആരോപിക്കുന്നു.

തങ്ങളുടെ പ്രധാന വ്യാപാര പങ്കാളികളുടെ ഈ പരാജയം അമേരിക്കൻ തൊഴിലാളികൾക്ക് ആഗോള വിപണിയിൽ തുല്യതയില്ലാത്ത മത്സര അന്തരീക്ഷം ഉണ്ടാക്കുന്നുവെന്ന് യു.എസ് ട്രേഡ് റപ്രസന്റേറ്റീവ് ജാമിസൺ ഗ്രീർ വ്യക്തമാക്കി. എന്നാൽ ബീഫ്, കോഫി, ചില പഴവർഗ്ഗങ്ങൾ, വസ്ത്രങ്ങൾ എന്നിവയെ ഈ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് ജൂലൈ 6 വരെ ഈ നിർദ്ദേശത്തിൽ അഭിപ്രായം അറിയിക്കാം. അതിനുശേഷമേ അന്തിമ തീരുമാനമുണ്ടാകൂ.

അതേസമയം, അമേരിക്കൻ നികുതി ഭീഷണിയുടെ പശ്ചാത്തലത്തിലും, ഇരുരാജ്യങ്ങളും തമ്മിലുള്ള ഇടക്കാല വ്യാപാര കരാറിന് അന്തിമരൂപം നൽകുന്നതിനായി ചീഫ് നെഗോഷ്യേറ്റർ ബ്രണ്ടൻ ലിഞ്ചിൻ്റെ നേതൃത്വത്തിലുള്ള യു.എസ് പ്രതിനിധി സംഘം ന്യൂഡൽഹിയിലെത്തി. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി ദർപ്പൺ ജെയിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘവുമായാണ് ചർച്ചകൾ പുരോഗമിക്കുന്നത്.

ഫെബ്രുവരിയിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ച ആദ്യഘട്ട ചട്ടക്കൂട് അനുസരിച്ച് ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ നികുതി 18 ശതമാനമായി കുറയ്ക്കാനും റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട ചില നികുതികൾ ഒഴിവാക്കാനും യു.എസ് സമ്മതിച്ചിരുന്നു. മുൻപ് 50 ശതമാനം വരെയുണ്ടായിരുന്ന കടുത്ത നികുതികൾ ഇന്ത്യൻ കയറ്റുമതിയെ ബാധിച്ചിരുന്നതിനാൽ ഈ കരാർ ഇന്ത്യയ്ക്ക് ഏറെ നിർണ്ണായകമാണ്. വിപണി പ്രവേശനം, സാമ്പത്തിക സുരക്ഷാ സഹകരണം, നിക്ഷേപ പ്രോത്സാഹനം എന്നിവയാണ് ഡൽഹിയിൽ നടക്കുന്ന ചർച്ചകളിലെ പ്രധാന വിഷയങ്ങൾ.

US threatens India, other countries with tax, citing ‘forced labor’

More Stories from this section

family-dental
witywide