യു.എസ് സ്റ്റുഡൻ്റ് വിസ നിയമങ്ങൾ കടുപ്പിക്കുന്നു; ഇന്ത്യൻ ബിരുദധാരികളുടെ ജോലി സാധ്യതകൾക്ക് തിരിച്ചടിയായേക്കും, മുന്നറിയിപ്പുമായി വിദഗ്ധർ

വാഷിംഗ്ടൺ: അമേരിക്കയിൽ പഠനം പൂർത്തിയാക്കി കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടിയായി യു.എസ് സ്റ്റുഡന്റ് വിസ നിയമങ്ങളിൽ വൻ പരിഷ്കാരം വരുന്നു.

വിസ നിയമങ്ങളിൽ വരുത്താൻ ഉദ്ദേശിക്കുന്ന മാറ്റങ്ങൾ എ.ഐ, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ് തുടങ്ങിയ പ്രധാന മേഖലകളിൽ കടുത്ത തൊഴിലാളി ക്ഷാമത്തിന് കാരണമാകുമെന്ന് പ്രമുഖ ഇമിഗ്രേഷൻ സംഘടനയായ ‘ബിൽഡ്’ സി.ഇ.ഒ ഡാനിയേൽ ഗോൾഡ്മാൻ മുന്നറിയിപ്പ് നൽകി. ‘അമേരിക്കൻ ബസാർ’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

യു.എസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) കഴിഞ്ഞ മാസം പുറത്തിറക്കിയ നിർദ്ദേശമാണ് പുതിയ ആശങ്കകൾക്ക് വഴിതുറന്നത്. നിലവിൽ എഫ്-1 വിസയിലുള്ള വിദ്യാർത്ഥികൾക്ക് പഠന നിബന്ധനകൾ പാലിക്കുന്നിടത്തോളം കാലം യു.എസിൽ തുടരാം. എന്നാൽ പുതിയ നിയമം വരുന്നതോടെ ഇത് പരമാവധി നാല് വർഷത്തെ നിശ്ചിത കാലയളവായി ചുരുങ്ങും. കൂടുതൽ സമയം ആവശ്യമുള്ളവർ യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിൻ്റെ പ്രത്യേക അനുമതി വാങ്ങണം.

സാധാരണയായി പഠനശേഷം എച്ച്-1ബി വിസ ലോട്ടറി ലഭിക്കാത്ത വിദ്യാർത്ഥികൾ ജോലി നിലനിർത്താൻ ‘ഡേ 1 സി.പി.ടി’ വഴി അതേ നിലവാരത്തിലുള്ള മറ്റൊരു കോഴ്സിന് ചേരാറുണ്ട്. എന്നാൽ, ഇനിമുതൽ ഒരു മാസ്റ്റേഴ്സ് ബിരുദം ഉള്ളയാൾക്ക് ജോലി ആവശ്യത്തിനായി മാത്രം മറ്റൊരു മാസ്റ്റേഴ്സ് കോഴ്സ് ചെയ്യാൻ അനുവാദമുണ്ടാകില്ല. പകരം അഞ്ച് വർഷത്തെ പിഎച്ച്.ഡി പോലുള്ള ഉയർന്ന യോഗ്യതകൾ നേടേണ്ടി വരും.

ഇന്ത്യൻ വിദ്യാർത്ഥികളെ എങ്ങനെ ബാധിക്കും?
അമേരിക്കയിലെ ഏറ്റവും വലിയ വിദേശ വിദ്യാർത്ഥി സമൂഹങ്ങളിൽ ഒന്നാണ് ഇന്ത്യക്കാർ. പഠനകാലത്ത് തന്നെ മികച്ച ജോലി കണ്ടെത്തുകയും കമ്പനികളെക്കൊണ്ട് എച്ച്-1ബി വിസയ്ക്ക് സ്പോൺസർ ചെയ്യിക്കുകയും ചെയ്യുന്നതിൽ മുന്നിൽ നിൽക്കുന്നത് ഇന്ത്യൻ പ്രതിഭകളാണ്. അതുകൊണ്ട് തന്നെ പുതിയ നിയമം ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യൻ പ്രൊഫഷണലുകളെയായിരിക്കും.

ആമസോൺ, മെറ്റാ തുടങ്ങിയ ആഗോള ഐടി ഭീമന്മാർ ഒപിടി കാലയളവിൽ വലിയ നിക്ഷേപം നടത്തി വളർത്തിയെടുക്കുന്ന മിടുക്കരായ ജീവനക്കാരെ നിലനിർത്താൻ ഇനി മുതൽ ഈ വഴികൾ ഉപയോഗിക്കാൻ സാധിക്കില്ല. തങ്ങളുടെ പ്രൊഫഷണലുകളെ കൈവിട്ടുപോകാതിരിക്കാൻ വൻകിട കമ്പനികൾക്ക് ഇനി പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ടി വരും. ആയിരക്കണക്കിന് ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികൾക്ക് മറ്റ് വിദേശ രാജ്യങ്ങളിലേക്ക് കരിയർ മാറ്റാൻ ഈ സാഹചര്യം കാരണമായേക്കാം.

US tightens student visa rules; may hurt job prospects of Indian graduates, experts warn

More Stories from this section

family-dental
witywide