
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം പ്രക്ഷോഭം ശക്തമാക്കുന്നു. രാഹുൽ ഗാന്ധിയുടെ വസതിയിൽ ചേർന്ന സഖ്യയോഗത്തിന് ശേഷമാണ് സമരം കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിച്ചത്. ജനാധിപത്യ പുനഃസ്ഥാപനം ലക്ഷ്യമിട്ടുള്ള പ്രക്ഷോഭങ്ങളിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന് നേതാക്കൾ വ്യക്തമാക്കി.
സമാന്തര പ്രക്ഷോഭങ്ങളില്ലെന്നും എല്ലാ സമരങ്ങളും ഒരൊറ്റ ലക്ഷ്യത്തിനായുള്ളതാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ജന്തർ മന്തറിനെ സമരവേദിയിൽ നിന്ന് ഒഴിവാക്കിയ നടപടിയെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏകപക്ഷീയ നീക്കങ്ങളെയും യോഗം ശക്തമായി അപലപിച്ചു. ലക്ഷ്യം കാണുംവരെ സമാന ചിന്താഗതിക്കാരായ കക്ഷികളെയും വിദ്യാർത്ഥി-കർഷക സംഘടനകളെയും അണിനിരത്തി സമരം തുടരുമെന്ന് ഇന്ത്യ സഖ്യം പ്രഖ്യാപിച്ചു.
മല്ലികാർജുൻ ഖർഗെ, തേജസ്വി യാദവ്, എം.എ. ബേബി, ഡി. രാജ, സുപ്രിയ സുലേ, സഞ്ജയ് റാവത്ത് തുടങ്ങിയ വിവിധ കക്ഷി നേതാക്കൾ യോഗത്തിൽ സംസാരിച്ചു. ഭരണഘടനാ സ്ഥാപനങ്ങളെ ഹൈജാക്ക് ചെയ്ത് ജനാധിപത്യം അട്ടിമറിക്കുന്ന നടപടികൾക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി രംഗത്തുണ്ടാകുമെന്ന് നേതാക്കൾ ആവർത്തിച്ചു വ്യക്തമാക്കി.
INDIA Bloc Intensifies Protests Demanding Resignation of CEC Gyanesh Kumar











