
തിരുവനന്തപുരം: ബിജെപിയിലേക്കുള്ള തന്റെ പ്രവേശനം എടുത്തുചാട്ടമായിരുന്നുവെന്നും അതിൽ ദുഃഖമുണ്ടെന്നും വ്യക്തമാക്കി മുൻ കായികതാരം പത്മിനി തോമസ്. കോൺഗ്രസിലേക്ക് തിരിച്ചെത്താനുള്ള താത്പര്യം അറിയിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് കത്തുനൽകി. ഇന്ദിരാഭവനിലെത്തിയാണ് അവർ കത്ത് കൈമാറിയത്.
ബിജെപിയിലേക്ക് പോയത് പെട്ടെന്നെടുത്ത തീരുമാനമായിരുന്നുവെന്നും ആ തെറ്റ് തിരുത്താനാണ് കോൺഗ്രസിലേക്ക് മടങ്ങുന്നതെന്നും പത്മിനി പറഞ്ഞു. രണ്ടരവർഷത്തോളം ബിജെപിയിൽ പ്രവർത്തിച്ചെങ്കിലും പാർട്ടിയിലെ ചില കാര്യങ്ങളുമായി പൊരുത്തപ്പെട്ടുപോകാൻ കഴിഞ്ഞില്ലെന്നും അവർ വ്യക്തമാക്കി.
കായികമേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ അവസരം നൽകാമെന്ന ഉറപ്പ് ലഭിച്ചിരുന്നെങ്കിലും അത് നടപ്പായില്ലെന്ന് പത്മിനി പറഞ്ഞു. ബിജെപിയിൽ ചേർന്നത് സ്ഥാനമാനങ്ങൾ ആവശ്യപ്പെട്ടുകൊണ്ടായിരുന്നില്ലെന്നും എന്നാൽ പല കാര്യങ്ങളിലും പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ലെന്നും അവർ കൂട്ടിച്ചേർത്തു.
പദവികൾ ലഭിക്കാത്തതല്ല തന്റെ അതൃപ്തിക്ക് കാരണമെന്നും കാര്യങ്ങൾ മുന്നോട്ടുപോകാത്തതും തീരുമാനങ്ങളെടുക്കുന്നതിലെ കാലതാമസവുമാണ് ബുദ്ധിമുട്ടുണ്ടാക്കിയതെന്നും പത്മിനി വിശദീകരിച്ചു. പാർട്ടി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്നതുപോലും അവസാനകാലത്ത് പ്രയാസമായിരുന്നുവെന്നും അവർ ആരോപിച്ചു.
ബിജെപിയിൽ കുറച്ചുകാലം പ്രവർത്തിച്ചതോടെയാണ് അവിടുത്തെ രീതികളും പ്രവർത്തനങ്ങളും മനസ്സിലാക്കിയതെന്ന് പത്മിനി പറഞ്ഞു. ചെറിയൊരു വിഷമമുണ്ടായപ്പോൾ സ്വന്തം കുടുംബത്തിൽനിന്ന് എടുത്തുചാടി മറ്റൊരു തീരുമാനമെടുത്തതിൽ വലിയ ദുഃഖമുണ്ടെന്നും അവർ വ്യക്തമാക്കി.
അർജുന അവാർഡിനുള്ള ശുപാർശ ഉൾപ്പെടെ തന്റെ കായികജീവിതത്തിൽ നിരവധി പിന്തുണകൾ നൽകിയത് കോൺഗ്രസ് പാർട്ടിയാണെന്നും പത്മിനി ഓർമിപ്പിച്ചു. ചെറിയൊരു തെറ്റ് സംഭവിച്ചാൽ പാർട്ടിക്ക് ക്ഷമിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കോൺഗ്രസിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്നുവെന്നും അവർ പറഞ്ഞു.













