പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. ബേക്കറി ജംഗ്ഷനിലെ പിണറായിയുടെ വസതിയിലെത്തിയ വി ഡി സതീശനെ പിണറായി വിജയൻ കുടുംബസമേതം സ്വീകരിച്ചു. ചായ സത്കാരത്തിന് ശേഷം വി ഡി സതീശൻ മടങ്ങി. അദ്ദേഹത്തിന്റെ പിന്തുണ തേടിയാണ് എത്തിയത്.
കൂടിക്കാഴ്ചയ്ക്ക് ശേഷം പിണറായി സർക്കാർ തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾ തുടരുമെന്ന് വി ഡി സതീശൻ വ്യക്തമാക്കി. പിണറായി വിജയൻ കാര്യങ്ങൾ പിന്നെ പറയാം എന്ന ഒറ്റവരിയിൽ പ്രതികരിച്ചു. മുഖ്യമന്ത്രി പ്രഖ്യാപനം വന്നയുടനെ തന്നെ പിണറായിയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടിയിരുന്നില്ല. അതുകൊണ്ടാണ് പിണറായിയെ നേരിൽ കാണാൻ സതീശൻ എത്തിയത്.
പിണറായി വിജയനെ വീട്ടിലെത്തി കാണുമെന്ന് നേരത്തേ സതീശൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സതീശൻ സന്ദർശനം നടത്തിയത്. ശാസ്‌തമംഗലത്തെ അടൂർ പ്രകാശിന്റെ വീട്ടിൽ നിന്നാണ് ഇവിടേക്കെത്തിയത്. പിണറായി ഭാര്യയ്ക്കും മകൾക്കും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പം വന്നാണ് സതീശനെ സ്വീകരിച്ചത്. വി.കെ പ്രശാന്ത്, കടകംപള്ളി സുരേന്ദ്രൻ, ആനാവൂർ നാഗപ്പൻ തുടങ്ങിയ സിപിഎം നേതാക്കൾ സന്ദർശനസമയത്ത് വീട്ടിലുണ്ടായിരുന്നു.
VD Satheesan visits Pinarayi Vijayan at his residence; Pinarayi Vijayan welcomes him with his family













