അമേരിക്ക സൈനിക ഓപ്പറേഷനിലൂടെ പിടികൂടിയ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മദൂറോയ്ക്കും ഭാര്യ സിലിയ ഫ്ലോറസിനും ഇന്ത്യയുമായി ഏറെക്കാലമായി അറിയപ്പെടാത്ത ഒരു ആത്മീയബന്ധമെന്ന് റിപ്പോർട്ടുകൾ. അന്തരിച്ച ആത്മീയ നേതാവ് സത്യസായി ബാബയിലൂടെയാണ് ഈ ബന്ധം. ആഗോള ഉപരോധങ്ങളും രാഷ്ട്രീയ അടിച്ചമർത്തലുകളും ആരംഭിക്കുന്നതിന് വർഷങ്ങൾ മുൻപ് തന്നെ ഭാര്യ സിലിയ ഫ്ലോറസിലൂടെ മദൂറോ ഇന്ത്യയുമായി ആത്മീയബന്ധം സ്ഥാപിച്ചതായാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.
കത്തോലിക്ക വിശ്വാസത്തിൽ വളർന്ന മദൂറോ വിവാഹത്തിന് മുൻപ് ഫ്ലോറസ് വഴിയാണ് സത്യസായി ബാബയെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും ഇന്ത്യൻ ആത്മീയ നേതാവിന്റെ അനുയായികളായെന്നും റിപ്പോർട്ടിൽ പറയുന്നു. 2005-ൽ, അതായത് വെനിസ്വേലയുടെ പ്രസിഡന്റാകുന്നതിന് ഏകദേശം എട്ട് വർഷം മുൻപ് മദൂറോയും ഫ്ലോറസും ആന്ധ്രപ്രദേശിലെ പുട്ടപർത്തിയിലെ പ്രശാന്തി നിലയം ആശ്രമം സന്ദർശിച്ച് സത്യസായി ബാബയെ കണ്ടിരുന്നു. ആ സന്ദർശനത്തിലെ ഒരു ചിത്രത്തിൽ, യുവാവായ മദൂറോയും ഫ്ലോറസും ആത്മീയ നേതാവിനൊപ്പം നിലത്ത് ഇരിക്കുന്നതായി കാണാം.
2011-ൽ സത്യസായി ബാബയുടെ മരണത്തിന് ശേഷം, അന്ന് വെനിസ്വേലയുടെ വിദേശകാര്യ മന്ത്രിയായിരുന്ന മദൂറോ രാജ്യത്തിന്റെ ദേശീയ അസംബ്ലിയിൽ ഔദ്യോഗിക അനുശോചന പ്രമേയം പാസാക്കുന്നതിനായി മുൻകൈ എടുത്തതായും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. 2024-ലെ ദേശീയ ദിനാഘോഷങ്ങൾക്ക് വെനിസ്വേല സർക്കാർ അയച്ച ക്ഷണക്കത്തുകളിൽ ഇടത് മുകളിലായി ‘ഓം’ ചിഹ്നവും ഉൾപ്പെടുത്തിയിരുന്നു. 2025 നവംബറിൽ സത്യസായി ബാബയുടെ ജന്മശതാബ്ദിയും മദൂറോ അനുസ്മരിച്ചിരുന്നു. ആത്മീയ നേതാവിനെ പ്രകാശത്തിന്റെ അവതാരം എന്നാണ് മദൂറോ വിശേഷിപ്പിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ ഭരണകൂടം, കൊക്കെയിൻ കടത്ത് ശൃംഖലയെ നിയന്ത്രിച്ചെന്ന ആരോപണം ഉന്നയിച്ചാണ് മദൂറോ ദമ്പതികളെ തടങ്കലിൽ പാർപ്പിച്ചിരിക്കുന്നത്. 1989-ൽ പനാമ ആക്രമണത്തിന് ശേഷം ലാറ്റിൻ അമേരിക്കയിൽ അമേരിക്ക നടത്തിയ ഏറ്റവും വലിയ സൈനിക ഇടപെടലാണിതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
Venezuelan President Maduro and his wife have a rare connection with India through Sathya Sai Baba











