വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ദൂരദർശൻ ഉൾപ്പെടെയുള്ള ഔദ്യോഗിക മാധ്യമങ്ങളിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തത് നഗ്നമായ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് സിപിഎം. പ്രധാനമന്ത്രിക്കെതിരെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. തമിഴ്‌നാട്, ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ ഔദ്യോഗിക സംവിധാനങ്ങൾ ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്തുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അധികാരത്തിലിരിക്കുന്ന പാർട്ടി ഔദ്യോഗിക മാധ്യമങ്ങളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാൻ പാടില്ലെന്ന ചട്ടം പ്രധാനമന്ത്രി ലംഘിച്ചതായി പരാതിയിൽ പറയുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ നരേന്ദ്ര മോദിക്കും ബിജെപിക്കും അനുകൂലമായാണ് പ്രവർത്തിക്കുന്നതെന്നും സിപിഎം ആരോപിച്ചു. നേരത്തെ നൽകിയ പല പരാതികളും കമ്മീഷൻ അവഗണിക്കുകയാണുണ്ടായത്. ബംഗാളിൽ അമിത് ഷാ ന്യൂനപക്ഷങ്ങൾക്കെതിരെ നടത്തിയ പ്രസ്താവനകളും തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് എം.എ. ബേബി ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഇത്തരമൊരു ബിൽ അവതരിപ്പിച്ചത് തന്നെ മാതൃകാ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. പാർലമെന്റിലെ നടപടിക്രമങ്ങളെ അഭാസകരമായാണ് നിലവിൽ കൈകാര്യം ചെയ്യുന്നത്. കേന്ദ്ര സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് ജനാധിപത്യ മര്യാദകൾ കാറ്റിൽ പറത്തുകയാണെന്നും ഇതിനെതിരെ ശക്തമായ നടപടി വേണമെന്നും സിപിഎം ആവശ്യപ്പെട്ടു.
CPM files complaint with Election Commission against PM Narendra Modi










