വിജയത്തേരിലേറി വിജയ്, വിസിലടിച്ച് ഇടത് പാർട്ടികളും, ടിവികെയ്ക്ക് ഉപാധികളില്ലാതെ പിന്തുണ പ്രഖ്യാപിച്ചു; ‘ജനനായകൻ’ മുഖ്യമന്ത്രിയാകും, ഉടൻ ഗവർണറെ കാണും

തമിഴ്നാട്ടിൽ നാടകീയ നീക്കങ്ങൾക്കൊടുവിൽ നടൻ വിജയ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അടുക്കുന്നു. ടിവികെയ്ക്ക് ഉപാധികളില്ലാതെ പിന്തുണ നൽകാൻ സിപിഐയും സിപിഎമ്മും തീരുമാനിച്ചതോടെയാണിത്. മതേതരവും സുസ്ഥിരവുമായ ഒരു ജനാധിപത്യ ഭരണത്തിന് പിന്തുണ നൽകുന്നു എന്നാണ് സിപിഐ നൽകിയ കത്തിൽ വ്യക്തമാക്കുന്നത്. ഇടതുപാർട്ടികൾക്ക് മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും, തൽക്കാലം മന്ത്രിസ്ഥാനം ഏറ്റെടുക്കാതെ പുറത്തുനിന്ന് പിന്തുണയ്ക്കാനാണ് അവരുടെ തീരുമാനം.

ഇടതുപക്ഷത്തിന്റെ പിന്തുണ ലഭിച്ചതോടെ ടിവികെയ്ക്ക് അനുകൂലമായ എംഎൽഎമാരുടെ എണ്ണം 116 ആയി ഉയർന്നു. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 എന്ന മാന്ത്രിക സംഖ്യയിലേക്ക് എത്താൻ ഇനി രണ്ട് അംഗങ്ങളുടെ പിന്തുണ കൂടി മതിയാകും. വിസികെയുടെ രണ്ട് എംഎൽഎമാരുടെ പിന്തുണ കൂടി ഉറപ്പാക്കാനുള്ള ചർച്ചകൾ സജീവമാണ്. വിസികെ നേതാവ് തിരുമാവളവനും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ട്. എൻഡിഎ കക്ഷികളുമായി യാതൊരു ബന്ധവും പുലർത്തില്ലെന്ന ഉറപ്പും വിജയ് ഘടകകക്ഷികൾക്ക് നൽകിയിട്ടുണ്ട്.

ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ പിന്തുണക്കത്തുകളുമായി വിജയ് ഇന്ന് വീണ്ടും ഗവർണറെ കാണും. നേരത്തെ വിജയ്ക്ക് ഭൂരിപക്ഷമില്ലെന്ന് ഗവർണർ വാർത്താക്കുറിപ്പ് ഇറക്കിയത് വലിയ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമായിരുന്നു. ടിവികെയ്ക്ക് ഭൂരിപക്ഷം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഡിഎംകെ പിന്തുണയോടെ എഐഎഡിഎംകെ സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങളും അണിയറയിൽ സജീവമായിരുന്നു. എന്നാൽ കോൺഗ്രസിന് പിന്നാലെ ഇടതും കൈകോർത്തതോടെ തമിഴ്നാട് ഭരണചക്രം വിജയുടെ കൈകളിലേക്ക് എത്തുമെന്നാണ് സൂചന.

Vijay Set to Become CM; Left Parties Extend Unconditional Support to TVK in Tamil Nadu

More Stories from this section

family-dental
witywide